Kerala
സര്‍ക്കാറിന്റെ ഓണം പരിപാടിയിലേക്ക് ക്ഷണിച്ചില്ല; ഗവര്‍ണര്‍ ഇന്ന് മധുവിന്റെ കുടുംബത്തിനൊപ്പം
സമാപന ചടങ്ങില്‍ ഗവര്‍ണറെ ക്ഷണിക്കാത്തതില്‍ രാജ്ഭവന്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം | വിവിധ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാറുമായി തര്‍ക്കം നിലനില്‍ക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് നടക്കുന്ന ഓണം വാരാഘോഷ പരിപാടിയുടെ സമാപനത്തിന് ക്ഷണമില്ല. ഗവര്‍ണര്‍ ഇന്ന് അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കും. സര്‍ക്കാര്‍ നടപടിയുടെ പ്രതിഷേധ സൂചകമായാണ് അട്ടപ്പാടി സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍. സമാപന ചടങ്ങില്‍ ഗവര്‍ണറെ ക്ഷണിക്കാത്തതില്‍ രാജ്ഭവന്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.
സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഘോഷയാത്ര കാണാന്‍ വിശിഷ്ടാതിഥിയായി ഗവര്‍ണ്‍ സകുടുംബം പങ്കെടുക്കുന്നത് പതിവാണ്. ഇതിനായി വിനോദസഞ്ചാര വകുപ്പുമന്ത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ ക്ഷണിക്കാറുണ്ട്.
.അതേസമയം ആദിവാസികള്‍ക്കൊപ്പം ഓണം ആഘോഷിക്കുന്നതിനായി ഞായറാഴ്ച വൈകീട്ട് ഗവര്‍ണര്‍ അട്ടപ്പാടിയിലേക്ക് പുറപ്പെട്ടു. 18ന് രാജ്ഭവനില്‍ തിരിച്ചെത്തും. ലോകായുക്ത നിയമഭേദഗതിയടക്കമുള്ള ഓര്‍ഡിനന്‍സുകള്‍ക്ക് പകരം നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി സര്‍ക്കാര്‍ ഇനിയും രാജ്ഭവന് കൈമാറിയിട്ടില്ല.