Connect with us

Kerala

തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പങ്കില്ല; രേഖാചിത്രവുമായി സാമ്യമുള്ള ആള്‍ പോലീസ് സ്റ്റേഷനിലെത്തി

പോലീസ് തയ്യാറാക്കിയ രേഖാചിത്രം കണ്ട് ഷാജഹാനാണ് പ്രതിയെന്ന് പ്രചാരണം നടന്നിരുന്നു.

Published

|

Last Updated

കൊല്ലം| ഓയൂരിലെ ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ഷാജഹാന്‍. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് തയ്യാറാക്കിയ രേഖാചിത്രം കണ്ട് ഷാജഹാനാണ് പ്രതിയെന്ന് പ്രചാരണം നടന്നിരുന്നു. കഞ്ചാവ്, മോഷണം തുടങ്ങിയ കേസുകളിലെ പ്രതിയാണ് ജിം ഷാജഹാന്‍ എന്ന് വിളിക്കുന്ന ഷാജഹാന്‍.

ഷാജഹാന്റെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ സ്ത്രീയുടെ രേഖാചിത്രവും പോലീസ് തയ്യാറാക്കി പുറത്തുവിട്ടിരുന്നു. അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടായിരുന്നുവെന്നാണ് പോലീസിന് സംശയം.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാന്‍ മരുന്ന് നല്‍കിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് അയച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താന്‍ 30 സ്ത്രീകളുടെ ചിത്രങ്ങള്‍ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടി ഭയമാകുന്നുവെന്ന് പറഞ്ഞതോടെ കൂടുതല്‍ ചോദിക്കുന്നത് അവസാനിപ്പിച്ചു.

അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. അബിഗേലുമായി സംഘം പോയത് വര്‍ക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡിഐജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. കൊല്ലത്തെയും തിരുവനന്തപുരത്തെയും പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്.

അതേസമയം അബിഗേല്‍ സാറാ റെജി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രിയിലാണ് കുട്ടിയുള്ളത്. കുട്ടിയോട് സാവധാനം വിവരങ്ങള്‍ ചോദിച്ചറിയാനാണ് പോലീസിന്റെ ശ്രമം. കുഞ്ഞിന്റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍ ഒപ്പമുണ്ട്.

 

 

 

---- facebook comment plugin here -----

Latest