Afghanistan crisis
വിമാനത്താവളത്തില്‍ മാത്രമല്ല; കാബൂളില്‍ ബേങ്കുകള്‍ക്ക് മുന്നിലും ജനത്തിരക്ക്
അഭയം കിട്ടുന്നിടത്തേക്ക് ജീവനും കൊണ്ട് ഓടാനുള്ള ഹതാശരായ ഒരു ജനവിഭാഗത്തിന്റെ ദുരിത കാഴ്ചകളാണ് കാബൂളിന്റെ ഓരോ മുക്കിലും മൂലയിലുമുള്ളത്.
കാബൂളിലെ ബേങ്കിന് മുന്നിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക്
കാബൂള്‍ | അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കാന്‍ താലിബാന്‍ എത്തുന്നുവെന്ന വിവരമറിഞ്ഞതോടെ പണം പിന്‍വലിക്കാന്‍ ബേങ്കുകള്‍ക്ക് മുന്നിലും കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് വന്‍ തിരക്ക്. എങ്ങനെയെങ്കിലും പണം പിന്‍വലിച്ച് ഉള്ള സമ്പാദ്യം കൈവശം വെക്കാനാണ് ജനങ്ങള്‍ തിരക്ക് കൂട്ടിയത്. വിദേശികളും സ്വദേശികളും ഒരുപോലെ രാജ്യം വിടാനാണ് ആഗ്രഹിച്ചത്.
അമേരിക്കയുടെയും നാറ്റോ സഖ്യത്തിന്റെയും കീഴിലുള്ള രണ്ട് പതിറ്റാണ്ട് നീണ്ട അധിനിവേശത്തിനും പാവ സര്‍ക്കാറിനും വിരാമമെന്നോണം താലിബാന്‍ ഭരണം പിടിച്ചടക്കുമ്പോള്‍, നേരത്തേയുണ്ടായിരുന്ന ക്രൂരഭരണം വീണ്ടും അനുഭവിക്കേണ്ടി വരുമോയെന്ന ഭീതിയിലാണ് ജനങ്ങള്‍ രാജ്യം വിടാന്‍ താത്പര്യപ്പെട്ടത്. എ ടി എമ്മുകള്‍ക്ക് മുമ്പിലും വമ്പന്‍ വരി രൂപപ്പെട്ടു. ബേങ്ക് ഉദ്യോഗസ്ഥര്‍ ഓരോ കാരണം പറഞ്ഞ് പണം നല്‍കുന്നത് വൈകിച്ചതായും പരാതികളുയര്‍ന്നു.
പണം പിന്‍വലിക്കാന്‍ വന്നവരില്‍ പോലീസുകാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ഇറാന്‍ അടക്കമുള്ള അയല്‍ രാജ്യങ്ങളുടെ കാബൂളിലെ എംബസികള്‍ക്ക് മുമ്പിലും വിസ ലഭിക്കാന്‍ വന്‍ ജനക്കൂട്ടമുണ്ടായിരുന്നു. അഭയം കിട്ടുന്നിടത്തേക്ക് ജീവനും കൊണ്ട് ഓടാനുള്ള ഹതാശരായ ഒരു ജനവിഭാഗത്തിന്റെ ദുരിത കാഴ്ചകളാണ് കാബൂളിന്റെ ഓരോ മുക്കിലും മൂലയിലുമുള്ളത്.