Articles
സ്വാതന്ത്ര്യമെന്തെന്നറിയാതെ
ഇന്നും മുതലാളിത്തത്തെ ജനാധിപത്യവുമായും മതവുമായും കൂട്ടിക്കെട്ടി ബൂര്‍ഷ്വാ വര്‍ഗം അധികാരം നിലനിര്‍ത്തുന്നു. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ നിര്‍ബാധം ചവിട്ടി മെതിക്കപ്പെടുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും പുലര്‍ന്ന് കാണാന്‍ നമ്മളിപ്പോഴും ആഗ്രഹിച്ചു കൊണ്ടേയിരിക്കുകയാണ്.
സ്വാതന്ത്ര്യം എന്ന പദത്തിന്റെ അര്‍ഥമറിയാത്ത കാലത്താണ് നമുക്ക് സ്വാതന്ത്ര്യം കിട്ടി എന്ന് നാം പറഞ്ഞു തുടങ്ങിയത്. സ്വാതന്ത്ര്യം കിട്ടിയെന്ന് അവകാശപ്പെടുമ്പോഴും ബ്രിട്ടീഷ് അടിമത്തത്തിന്റെ നുകക്കീഴില്‍ തന്നെയായിരുന്നു രാജ്യം. അടിമത്തത്തിന്റെ ഉപകരണങ്ങള്‍ തന്നെയാണ് നാം വീണ്ടും ഉപയോഗിച്ചു പോന്നത്. സാമ്പത്തിക ചൂഷണം സ്വാതന്ത്ര്യത്തിന് ശേഷവും തുടരുന്നതാണ് കണ്ടത്. വിദേശികള്‍ക്ക് പകരം ചൂഷകര്‍ സ്വദേശികളായി എന്ന് മാത്രം. സാമ്പത്തിക ദുഃസ്ഥിതിയില്‍ നിന്ന് കരകയറാനാകാതെ ഒരു ദരിദ്ര രാഷ്ട്രമായി തന്നെ നമ്മളിപ്പോഴും തുടരുകയാണ്. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരങ്ങള്‍ നിറുത്താറായില്ല എന്ന് വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്സ് സ്വാതന്ത്ര്യ സമരത്തിന് വിരാമം കുറിച്ചത് അവരാശിച്ച അധികാരം കൈയില്‍ കിട്ടി എന്നത് കൊണ്ടാണ്. അധികാരം കൊണ്ട് സ്വാതന്ത്ര്യം കൈവരുത്താം എന്നവര്‍ പറഞ്ഞു ഫലിപ്പിച്ചു. അതിനനുസൃതമായി സ്വാതന്ത്ര്യ സമര ചരിത്രത്തെ അവര്‍ വെട്ടി മുറിച്ചു പാകമാക്കി. രാജ്യത്തിന്റെ മോചനത്തിന് വേണ്ടി ജീവന്‍ ത്യജിച്ചവരെ അക്കാദമിക ചരിത്രകാരന്‍മാര്‍ അവഗണിച്ചു. അങ്ങനെ സ്വാതന്ത്ര്യ സമര ചരിത്രം സത്യഗ്രഹത്തിലും ഉപവാസത്തിലും മാത്രം ഒതുക്കി.
1885ല്‍ എ ഒ ഹ്യൂം ഔദാര്യമെന്നോണം കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് രൂപം കൊടുത്തത് മുതലല്ല സ്വാതന്ത്ര്യ സമരം തുടങ്ങുന്നത്. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ പലയിടത്തും പോരാട്ടങ്ങള്‍ നടന്നു. ബംഗാള്‍, ബിഹാര്‍, ഒഡീഷ പ്രദേശങ്ങളില്‍ 1763ല്‍ സന്യാസിമാരും ഫഖീറുമാരും നടത്തിയ കലാപങ്ങള്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഒന്നാം പാഠമാണ്. മജ്നു ഷാ എന്ന മുസ്ലിം ഫഖീറും, ഭവാനി പഥക് എന്ന സന്യാസിയുമാണ് നേതൃത്വം കൊടുത്തത്. ഇവരും നിരവധി അനുയായികളും പോരാടി രക്തസാക്ഷിത്വം വരിച്ചു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ രക്തസാക്ഷികളായവരില്‍ അധിക പേരും സാധാരണക്കാരാണ്. യു പിയില്‍ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത അഹ്മദുല്ലാ ഷായുടെ തല ബ്രിട്ടീഷ് പട്ടാളം ഉപ്പിലിട്ട് സൂക്ഷിച്ചിരുന്നു. 1880കളില്‍ ഗോത്ര നേതാവായ ബിര്‍സാ മുണ്ടയുടെ പോരാട്ടം നമ്മുടെ ചരിത്രം പരാമര്‍ശിക്കുന്നേയില്ല. രാജ്യത്തിന്റെ നാനാ ഭാഗത്തും ജനങ്ങള്‍ പല രീതികളിലായി സമരങ്ങള്‍ നടത്തിയിരുന്നു. മലബാറിലെ ജന്മിവിരുദ്ധ സമരങ്ങള്‍ കോണ്‍ഗ്രസ്സ് ജനിക്കും മുമ്പേ തുടങ്ങിയതാണ്. 1824ല്‍ ഇന്ത്യന്‍ പട്ടാളക്കാരോട് മ്യാന്മറിലേക്ക് പോകാന്‍ പറഞ്ഞപ്പോള്‍ കടല്‍ വഴി യാത്ര ചെയ്യില്ല എന്നവര്‍ ശഠിച്ചു. കലാപമുണ്ടാക്കി. 1823ല്‍ പ്രസ്സുകള്‍ക്ക് നിയന്ത്രണം വന്നപ്പോള്‍ ജനം ക്ഷോഭിച്ചു. നിയമം പിന്‍വലിക്കണമെന്ന് രാജാറാം മോഹന്‍ റായ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. 1823ല്‍ സ്റ്റാമ്പ് ഡ്യൂട്ടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ പ്രക്ഷോഭം നടന്നു. പ്രക്ഷോഭങ്ങള്‍ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയെങ്കിലും സാമ്രാജ്യത്വത്തോടുള്ള ഇന്ത്യന്‍ ജനതയുടെ വിദ്വേഷം പുകഞ്ഞു കൊണ്ടേയിരുന്നു.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു നിയമവും പാലിക്കാതെ ബ്രിട്ടീഷ് തുണിത്തരങ്ങള്‍ വ്യാപകമായി ഇറക്കുമതി ചെയ്തത് ഇന്ത്യയുടെ നട്ടെല്ലൊടിച്ചു. ഇന്ത്യയിലെ കൃഷിയെയും വ്യവസായത്തെയും അത് സാരമായി ബാധിച്ചു. കച്ചവടക്കാരെയും സാധാരണ തൊഴിലാളികളെയും വരെ കമ്പനി നിയമങ്ങള്‍ പാപ്പരാക്കി. കര്‍ഷകരെ അടിച്ചമര്‍ത്തുക, കച്ചവടക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുക, തൊഴിലാളികളെക്കൊണ്ട് അടിമവൃത്തി ചെയ്യിക്കുക തുടങ്ങി ഹീനമായ രീതിയിലാണ് ഇന്ത്യക്കാരെ പീഡിപ്പിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം വ്യാപകമാകാന്‍ ഈ പീഡനങ്ങളാണ് കാരണം. സമരങ്ങളില്‍ ചില ഭൂജന്മിമാരും തൊഴിലുടമകളും ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നതിനാല്‍ സമരങ്ങള്‍ ഒരേ സമയം ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കും തൊഴിലുടമകള്‍ക്കുമെതിരെയായി. സമരങ്ങളില്‍ എല്ലാ വിഭാഗത്തിലും പെട്ടവര്‍ പങ്കുവഹിച്ചു. ആദിവാസികള്‍, തൊഴിലാളികള്‍, കര്‍ഷകര്‍, പട്ടാളത്തില്‍ നിന്ന് പിരിഞ്ഞവര്‍, ചില്ലറ കച്ചവടക്കാര്‍, നാട്ടു രാജാക്കന്‍മാര്‍- എല്ലാവരും ഒറ്റക്കെട്ടായി. വിശാഖപട്ടണത്തിലെ വിജയ രാമരാജ, മലബാറിലെ മാപ്പിള നേതാക്കള്‍, വസീര്‍ അലി, അവധിലെ നവാബ്, സയ്യിദ് അഹ്മദ് ബറേലി, ബഹദൂര്‍ഷാ, അഹ്മദുല്ലാ ഷാ മൗലവി, മൗലാനാ ഖൈറാബാദി, വിലായത് അലി, ഇനായത് അലി, വേലുത്തമ്പി, കൂര്‍ഗിലെ വീര രാജ, ബംഗാളിലെ ദൂദു മിയാന്‍, ടിറ്റു മീര്‍, കര്‍ണോലിലെ നാരായണ്‍ റെഡ്ഡി, രാമനാട്ടിലെ മട്ടു ബൊമ്മന്‍ നായിക്, ത്രി ഭുവന്‍ സന്തല്‍, വിശ്വനാഥ് സര്‍ദാര്‍, വാസു ദേവ ഫല്‍വന്ദ്, റാഞ്ചിയിലെ ബിര്‍സ തുടങ്ങി പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ജാതി മത ഭേദങ്ങള്‍ക്കപ്പുറം ഒന്നിച്ചു പൊരുതിയവര്‍ നിരവധിയാണ്. ഇതിനര്‍ഥം ഇന്ത്യയില്‍ മുഴുവന്‍ ജനതയും ബ്രിട്ടീഷ് ഭരണത്തിനെതിരായിരുന്നു എന്ന് തന്നെയാണ്. ഇതിന്റെ തുടര്‍ച്ചയാണ് ഇരുപതാം നൂറ്റാണ്ടിലെ സമരങ്ങള്‍. അപ്പോഴേക്ക് കൂടുതല്‍ ഏകീകൃതമായ സ്വഭാവം സമരങ്ങള്‍ക്ക് കൈവന്നു. പോരാട്ടങ്ങളിലെല്ലാം ബ്രിട്ടീഷുകാര്‍ മേല്‍ക്കൈ നേടിയത് അവരുടെ ആയുധ ബലത്തിലാണ്. അല്ലാതെ ധൈര്യത്തിന്റെ പുറത്തല്ല. ആയുധം കൊണ്ടും തോക്കു കൊണ്ടും തോല്‍പ്പിക്കാന്‍ കഴിയില്ല എന്നതിന് തെളിവാണ് ഇരുപതാം നൂറ്റാണ്ടില്‍ സമരത്തിന് കൈവന്ന ശക്തിയും ഐക്യവും. ജനങ്ങളെ ദേശീയ ബോധത്തിലേക്ക് നയിച്ചതും ആദ്യ കാലങ്ങളിലെ സമരങ്ങള്‍ തന്നെയാണ്. ജനങ്ങള്‍ നടത്തിയ സായുധ പോരാട്ടങ്ങളെ അവഗണിക്കാനാണ് നമ്മുടെ ദേശീയ നേതാക്കളും ചരിത്രമെഴുത്തുകാരും ശ്രമിച്ചത്.
1857ലെ സ്വാതന്ത്ര്യ സമരത്തിലാണ് ദേശീയതയുടെ നാമ്പുകള്‍ വിടരുന്നത്. അവിടെ ജാതിക്കും മതത്തിനുമതീതമായ ഐക്യം സംജാതമാകുന്നു. തൊട്ടു കൂടാത്തവരും തീണ്ടിക്കൂടാത്തവരുമായ ഇന്ത്യന്‍ ജനത ഒരേ ലക്ഷ്യത്തിന് വേണ്ടി ഒന്നിക്കുന്നു. ആദ്യ കാലത്ത് സമരങ്ങളില്‍ സജീവമാകുകയും പിന്നീട് ബ്രിട്ടീഷുകാര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്ത വി ഡി സവര്‍ക്കര്‍ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ഈ പ്രത്യേകതയെ ശരിയായി വിലയിരുത്തുന്നുണ്ട്. തന്റെ പുസ്തകത്തില്‍ ഹിന്ദു മുസ്ലിം ഐക്യത്തെ അദ്ദേഹം വാനോളം വാഴ്ത്തുകയും ചെയ്യുന്നു. ഒരു കാര്യം സത്യമാണ്. 1857ലെ സമരത്തില്‍ ദേശീയമായ കാഴ്ചപ്പാട് ഉണ്ടായിരുന്നില്ല. മതപരമായ വിശ്വാസങ്ങളും പ്രാദേശിക രാഷ്ട്രീയ പ്രശ്നങ്ങളുമാണ് സമരത്തിലേക്ക് നയിച്ചത്. അതിന്റെ അപക്വത സമരത്തിനുണ്ടായിരുന്നു. അതേസമയം മതത്തിന്നതീതമായ ഒരു ഐക്യം കൊണ്ടുവരാന്‍ അതിന് സാധിച്ചു. മുഗള്‍ ഭരണം പുനഃസ്ഥാപിച്ച് ബ്രിട്ടീഷുകാരെ പുറത്താക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു 1857ലെ സമരത്തിന്. അതിനാല്‍ അത് സ്വാതന്ത്ര്യ സമരം തന്നെയാണ്. ബ്രിട്ടീഷുകാര്‍ ഇതിനെ ഒരു ശിപായി ലഹളയായി ചെറുതാക്കിയപ്പോള്‍ ചിലര്‍ അതിനെ ഒരു ഫ്യൂഡല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പായി തരം താഴ്ത്തി. ഇവിടെയാണ് കാള്‍മാര്‍ക്സിന്റെ വിലയിരുത്തല്‍ സംഗതമാവുന്നത്: ‘ഇങ്ങനെയൊരു കലാപം ഇന്ത്യന്‍ സൈന്യത്തില്‍ മുമ്പുണ്ടായിട്ടില്ല. ആദ്യമായാണ് ശിപായി സൈന്യഗണം അവരുടെ മേധാവികളായ ബ്രിട്ടീഷ് ഓഫീസര്‍മാരെ കൊല്ലുന്നത്. ഹിന്ദുക്കളും മുസ്ലിംകളും അവരുടെ പൊതു വ്യത്യാസങ്ങള്‍ മറന്ന് പൊതു ശത്രുവിനെതിരെ ഒന്നിക്കുന്നു. ഹിന്ദുക്കള്‍ തുടങ്ങി വെച്ച ഈ സമരം ഒരു മുസല്‍മാനെ സിംഹാസനത്തിലേറ്റുന്നതിന് വേണ്ടിയായി തീര്‍ന്നു. ഏതെങ്കിലും ചില സ്ഥലങ്ങളില്‍ മാത്രമല്ല ഈ സമരം നടന്നത്. പട്ടാളത്തില്‍ ഉടലെടുത്ത ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള വിദ്വേഷം പൊതു ജനങ്ങളിലേക്ക് പടരുകയായിരുന്നു.’
1857ലെ സമരം പില്‍ക്കാലത്തെ സമരങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു. നിരവധി പേര്‍ ഈ സമരങ്ങളില്‍ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തു. പക്ഷേ അക്കാദമിക ചരിത്രത്തില്‍ ഇനിയും ഈ സമരം വേണ്ടത്ര വിലയിരുത്തപ്പെട്ടില്ല. ഇതേ സമയത്ത് തന്നെ വിദ്യാഭ്യാസത്തിനായി ഇന്ത്യക്കാര്‍ പലരും ഇംഗ്ലണ്ടിലെത്തി. അവിടെ ബുദ്ധിജീവികളുമായി ബന്ധപ്പെട്ട് ദേശീയത, ജനാധിപത്യം, മത നിരപേക്ഷത തുടങ്ങിയ വ്യവസ്ഥിതികളുടെ മേന്മകളെ കുറിച്ച് മനസ്സിലാക്കി. ഇവര്‍ പലരും സര്‍ക്കാറിന്റെ കീഴില്‍ തന്നെ ഉദ്യോഗസ്ഥരായി. തങ്ങള്‍ക്ക് കൂടി ഭരണത്തിലും ഉദ്യോഗത്തിലും തുല്യത വേണമെന്ന് ഇവരും ആവശ്യപ്പെടാന്‍ തുടങ്ങി. ബ്രിട്ടീഷുകാര്‍ ഉടമകളും തങ്ങള്‍ അടിമകളുമാണെന്ന ചിന്താഗതിയോട് ഇവര്‍ യോജിച്ചില്ല. ദേശീയതയും ജനാധിപത്യവും ഇന്ത്യന്‍ ബുദ്ധിജീവികളുടെ ചര്‍ച്ചാ വിഷയമായി. അതോടൊപ്പം തന്നെ ബ്രിട്ടീഷുകാരും ഇനിയൊരു കലാപമുണ്ടാകാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. ഈ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷുദ്യോഗസ്ഥന്‍ എ ഒ ഹ്യൂമിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് പിറക്കുന്നത്. കോണ്‍ഗ്രസ്സിലൂടെ തങ്ങളുടെ നിലനില്‍പ്പ് ഭദ്രമാക്കാമെന്നാണ് ബ്രിട്ടീഷുകാരും നിനച്ചത്. തങ്ങള്‍ക്ക് ഭരണ രംഗത്ത് ഒരു ഇരിപ്പിടം എന്നതില്‍ കവിഞ്ഞ് രാജ്യത്തിന്റെ സാധാരണക്കാരുടെ പുരോഗതിയില്‍ ഒരു താത്പര്യവും കോണ്‍ഗ്രസ്സിലെ വിദ്യാ സമ്പന്നര്‍ക്കുണ്ടായില്ല. യഥാര്‍ഥത്തില്‍ ഇതാണ് സ്വാതന്ത്ര്യം കിട്ടിയിട്ടും ഇന്ത്യയുടെ ജനങ്ങളെ മുന്‍ നിരയിലെത്തിക്കാന്‍ സ്വതന്ത്ര ഇന്ത്യക്ക് കഴിയാതെ പോയത്.
കൊളോണിയലിസത്തില്‍ നിന്ന് മോചിതരായ പല രാജ്യങ്ങളും വികസനക്കുതിപ്പ് നടത്തി മുന്നോട്ട് കുതിച്ചപ്പോള്‍ ഇന്ത്യ മുതലാളിത്തവും ഭൂപ്രഭുത്വവും സംരക്ഷിച്ച് കൊണ്ട് അവര്‍ക്ക് വേണ്ടി നില നിന്നു. അതിനാല്‍ സാധാരണക്കാരുടെ മേലുള്ള ചൂഷണങ്ങള്‍ നിര്‍ബാധം തുടര്‍ന്നു. ഗ്രാമങ്ങളുടെ മോചനമാണ് യഥാര്‍ഥ സ്വാതന്ത്ര്യം എന്ന് പറഞ്ഞ ഗാന്ധിജിക്ക് പോലും ‘ഹിമാലയത്തിലേക്ക് റിട്ടയര്‍ ചെയ്യേണ്ടി വന്നു’. ഇന്നും മുതലാളിത്തത്തെ ജനാധിപത്യവുമായും മതവുമായും കൂട്ടിക്കെട്ടി ബൂര്‍ഷ്വാ വര്‍ഗം അധികാരം നിലനിര്‍ത്തുന്നു. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ നിര്‍ബാധം ചവിട്ടി മെതിക്കപ്പെടുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും പുലര്‍ന്ന് കാണാന്‍ നമ്മളിപ്പോഴും ആഗ്രഹിച്ചു കൊണ്ടേയിരിക്കുകയാണ്.