Kerala
ഉത്തരവുകൾ പാലിക്കുന്നില്ല; മുതിർന്ന പൗരന്മാർക്ക് അവഗണന
വയോജനങ്ങളെ പരിഗണിക്കുന്ന കാര്യങ്ങളുടെ ഉത്തരവ് ഓഫീസുകളിലൊന്നും പ്രദർശിപ്പിച്ചിട്ടില്ല. അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നത് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ലഭിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കോട്ടക്കൽ | സർക്കാർ ഓഫീസുകളിലും പൊതു ഇടങ്ങളിലും മുതിർന്ന പൗരന്മാർക്ക് നൽകേണ്ട പ്രത്യേക പരിഗണന പ്രാവർത്തികമാക്കുന്നില്ലെന്ന് ആക്ഷേപം. 2019ൽ സാമൂഹിക നീതി വകുപ്പ് ഇറക്കിയ ഉത്തരവാണ് എവിടെയും പാലിക്കപ്പെടാതിരിക്കുന്നത്.
സർക്കാർ ഓഫീസുകൾ, നികുതി ബിൽ കൗണ്ടറുകൾ തുടങ്ങി പൊതുജനങ്ങൾ ഇടപെടുന്ന സ്ഥലങ്ങളിലെല്ലാം മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണന നൽകണമെന്നും അവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ മതിയായ സൗകര്യങ്ങൾ എല്ലാ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഫീസുകളിലും ഏർപ്പെടുത്തണമെന്നുമായിരുന്നു ഉത്തരവ്. ഇത് സംബന്ധിച്ച് നേരത്തേ ഇറക്കിയിരുന്ന സർക്കാർ ഉത്തരവ് പല ഓഫീസുകളും ശരിയായ രീതിയിൽ പാലിക്കുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വീണ്ടും ഇത്തരത്തിലൊരു ഉത്തരവുണ്ടായത്. വിവിധ സർക്കാർ ഓഫീസുകളിലേക്കും മറ്റും ഉത്തരവ് ഓർമപ്പെടുത്തി കൊണ്ടാണ് വീണ്ടും സാമൂഹിക നീതി വകുപ്പ് വിഷയത്തിൽ ഇടപെട്ടിരുന്നത്. പലപ്പോഴും സേവനങ്ങൾക്കായി വയോജനങ്ങൾ വരിനിൽക്കേണ്ട അവസ്ഥയാണ്. ഇത് ഒഴിവാക്കി ഇവർക്ക് പ്രത്യേക പരിഗണന നൽകണമെന്നായിരുന്നു ഉത്തരവ്.
ഉത്തരവിറങ്ങി കാലങ്ങൾ കഴിഞ്ഞിട്ടും മിക്ക സ്ഥലങ്ങളിലും മുതിർന്ന പൗരന്മാരെ അവഗണിക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണെന്നിരിക്കെ അവിടെയും ഇവ പാലിക്കപ്പെടുന്നില്ല. ആശുപത്രി, കൃഷി ഓഫീസുകൾ, വില്ലേജ് തുടങ്ങിയ സ്ഥാപനങ്ങളിൽ പോലും അവഗണന തുടരുകയാണ്. ചുമതലപ്പെട്ട ഉദ്യോ ഗസ്ഥരും മറ്റും കാര്യങ്ങളോട് ഗൗരവപൂർവമുള്ള സമീപനം സ്വീകരിക്കാത്തതാണ് മുതിർന്ന പൗരന്മാർക്ക് അവഗണന നേരിടാൻ കാരണമാകുന്നത്.
ഇത്തരം കാര്യങ്ങൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് സർക്കാർ സ്ഥാപനങ്ങളിലും മറ്റും അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം. കൈക്കൂലി നിരോധന നിയമം പോലുള്ള കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് സർക്കാർ ഓഫീസുകളിൽ അറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാൽ വയോജനങ്ങളെ പരിഗണിക്കുന്ന കാര്യങ്ങളുടെ ഉത്തരവ് ഓഫീസുകളിലൊന്നും പ്രദർശിപ്പിച്ചിട്ടില്ല. അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നത് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ലഭിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.