Connect with us

First Gear

കോണ്‍ഗ്രസിന്റെ തകര്‍ച്ച ആഗ്രഹിക്കുന്നത് മോദി, അമിത് ഷാ മാത്രമല്ല പിണറായിയും: കെ. മുരളീധരന്‍

കേരളത്തിലെ സിപിഎം മോദിയുടെ കാര്‍ബണ്‍ കോപ്പിയാണ്.

Published

|

Last Updated

തിരുവനന്തപുരം| കോണ്‍ഗ്രസുമായുള്ള സഹകരണത്തെ കേന്ദ്രകമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയില്‍ കേരളഘടകം എതിര്‍ത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. കോണ്‍ഗ്രസ് തകരണം എന്നാഗ്രഹിക്കുന്നത് മോദിയും അമിത് ഷായും മാത്രമല്ല പിണറായിയും കൂടിയാണെന്ന് മുരളീധരന്‍ പറഞ്ഞു. ബിജെപിയെ നേരിടാന്‍ ശക്തിയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. നിലവില്‍ സിപിഎമ്മിന്റെ രണ്ട് എംപി മാര്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് ജയിച്ചവരാണ് എന്നോര്‍ക്കണമെന്നും മുരളീധരന്‍ വ്യക്തമാക്കി.

കേരളത്തിലെ സിപിഎം മോദിയുടെ കാര്‍ബണ്‍ കോപ്പിയാണ്. പകല്‍ കമ്യൂണിസ്റ്റും രാത്രി ബിജെപിയുമാണെന്നും മുരളീധരന്‍ പരിഹസിച്ചു. ലാവ്‌ലിന്‍ കേസ് അനന്തമായി നീളുന്നതില്‍ പിണറായി വിജയനും ബിജെപിയുമായുള്ള ധാരണ വ്യക്തമാണ്. കര്‍ഷക സമരത്തെക്കുറിച്ച് അഭിപ്രായം പറയാത്ത ഏക ബിജെപി ഇതര മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ചുവപ്പിനേക്കാള്‍ താത്പര്യം അദ്ദേഹത്തിന് കാവിയോടാണ്. കേരള ഘടകത്തിന്റെ നിലപാടും നിര്‍ദേശവും സിപിഎം കേന്ദ്ര നേതൃത്വം അംഗീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെ.മുരളീധരന്‍ വ്യക്തമാക്കി. വികസനത്തിന്റെ പേരില്‍ കൊള്ള നടത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രളയ ഫണ്ടിന് പണമില്ലാത്ത സര്‍ക്കാര്‍ എവിടെ നിന്ന് ഇത്രയും വലിയ പദ്ധതിക്കായി പണം കണ്ടെത്തുമെന്ന് വ്യക്തമാക്കണം. എന്ത് വില കൊടുത്തും കെ റെയില്‍ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം തടയും. കെപിസിസി പുനസംഘടനയില്‍ ഇനി പരസ്യ പ്രസ്താവനക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. തെരഞ്ഞെടുപ്പ് നടന്നാല്‍ പിന്നെ പരാതികളുണ്ടാവില്ലെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.