Connect with us

National

സ്ത്രീധനം നല്‍കിയില്ല : ഗ്രേറ്റര്‍ നോയിഡയില്‍ യുവതിയെ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് തല്ലിക്കൊന്നു

2022 ഡിസംബറിലാണ് വികാസും കരിഷ്മയുമായുള്ള വിവാഹം കഴിഞ്ഞത്.

Published

|

Last Updated

ഗ്രേറ്റര്‍ നോയിഡ | ഗ്രേറ്റര്‍ നോയിഡയില്‍ സ്ത്രീധനം നല്‍കിയില്ലെന്ന് ആരോപിച്ച് യുവതിയെ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് തല്ലിക്കൊന്നു. കരിഷ്മ എന്ന യുവതിയാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് വികാസിനെയും ഇയാളുടെ പിതാവ് സോംപാല്‍ ഭാട്ടിയെയും പോലീസ് അറസ്റ്റ് ചെയതു.

വികാസും കുടുംബവും ടൊയോട്ട ഫോര്‍ച്യൂണറും 21 ലക്ഷം രൂപയുമാണ് സ്തീധനമായി ചോദിച്ചത്. കരിഷ്മയുടെ കുടുംബം ഇത് നല്‍കാത്തതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് വ്യക്തമാക്കിയത്.

മരണം സംഭവിക്കുന്നതിനു മുമ്പേ യുവതി ഭര്‍ത്താവും മാതാപിതാക്കളും സഹോദരങ്ങളും ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്ന് ഫോണില്‍ വിളിച്ച് വീട്ടില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് സംഭവ വിവരം അറിഞ്ഞ് ഭര്‍തൃ വീട്ടിലെത്തിയപ്പോള്‍ കരിഷ്മയെ മരിച്ച നിലയിലാണ് കണ്ടതെന്നാണ് യുവതിയുടെ സഹോദരന്‍ ദീപക് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

2022 ഡിസംബറിലാണ് വികാസും കരിഷ്മയുമായുള്ള വിവാഹം കഴിഞ്ഞത്. വിവാഹസമയത്ത് വരന്റെ കുടുംബത്തിന് 11 ലക്ഷം രൂപയുടെ സ്വര്‍ണവും ഒരു എസ്‌യുവിയും കരിഷ്മയുടെ വീട്ടുകാര്‍ നല്‍കിയിരുന്നു.എ ന്നാല്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് വികാസും കുടുംബവും ചേര്‍ന്ന് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും സഹോദരന്‍ ദീപക് വ്യക്തമാക്കി .

നിലവില്‍ സ്ത്രീധന പീഡനത്തിനും കൊലക്കുറ്റത്തിനമാണ് വികാസിനും പിതാവ് സോംപാല്‍ ഭാട്ടി, അമ്മ രാകേഷ്, സഹോദരി റിങ്കി സഹോദരങ്ങളായ സുനില്‍ ,അനില്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. വികാസിന്റെയും പിതാവിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് മറ്റു പ്രതികളെ പിടികൂടാനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.