Uae
കൃത്യമായി പാര്‍ക്ക് ചെയ്തില്ല; വാഹനം കടലില്‍ വീണു
ദുബൈ തുറമുഖ പോലീസ് സ്റ്റേഷനിലെ മാരിടൈം റെസ്‌ക്യൂ ഡിപ്പാര്‍ട്ട്‌മെന്റിലെ മുങ്ങല്‍ വിദഗ്ധര്‍ വാഹനം പുറത്തെടുത്തു.
ദുബൈ| അല്‍ ഹംരിയ ഏരിയയിലെ വാര്‍ഫില്‍ നിന്ന് വീണ കാര്‍ഗോ വാഹനം ദുബൈ തുറമുഖ പോലീസ് സ്റ്റേഷനിലെ മാരിടൈം റെസ്‌ക്യൂ ഡിപ്പാര്‍ട്ട്‌മെന്റിലെ മുങ്ങല്‍ വിദഗ്ധര്‍ പുറത്തെടുത്തു. വാഹനം ശരിയായ രീതിയില്‍ പാര്‍ക്ക് ചെയ്യാത്തതിനെത്തുടര്‍ന്നാണ് കടലില്‍ വീണത്. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് റെസ്‌ക്യൂവിന്റെ സഹകരണത്തോടെയായിരുന്നു പ്രവര്‍ത്തനം.
ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതെ വാഹനം നിര്‍ത്തി സുഹൃത്തുക്കളുമായി സംസാരിക്കാന്‍ ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയതാണ് വാഹനം നീങ്ങി വാര്‍ഫില്‍ നിന്ന് വീഴാന്‍ കാരണമെന്ന് തുറമുഖ പോലീസ് സ്റ്റേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ അലി അബ്ദുല്ല അല്‍ ഖുസിബ് അല്‍ നഖ്ബി വിശദീകരിച്ചു. ഗിയര്‍ പാര്‍ക്ക് (പി) ലേക്ക് ഡ്രൈവര്‍ മാറ്റിയില്ല. വാഹനം സുരക്ഷിതമാക്കാന്‍ ഹാന്‍ഡ് ബ്രേക്ക് ശരിയായി ഉപയോഗിച്ചില്ലെന്നും അല്‍ നഖ്ബി പറഞ്ഞു.
മറൈന്‍ സെക്യൂരിറ്റി പട്രോളിംഗും പ്രാദേശിക മാരിടൈം യൂണിറ്റിലെ ഒരു സംഘവും പിന്തുണക്കുന്ന മാരിടൈം റെസ്‌ക്യൂ പട്രോളിംഗ് സംഭവത്തോട് അതിവേഗം പ്രതികരിച്ചു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ആവശ്യമായ എല്ലാ സുരക്ഷാ മുന്‍കരുതലുകളും എടുക്കണമെന്നും പുറത്തിറങ്ങുന്നതിന് മുമ്പ് അവ പൂര്‍ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നും അല്‍ നഖ്ബി ഡ്രൈവര്‍മാരോട് അഭ്യര്‍ഥിച്ചു.