Connect with us

Kerala

മതിയായ ചികിത്സ ലഭിക്കുന്നില്ല; ഒരു മാസത്തിനിടെ വയനാട്ടിൽ പ്രസവത്തിനിടെ മരിച്ചത് മൂന്ന് സ്ത്രീകൾ

ചികിത്സാ പരിമിതിയിൽ മനംമടുത്ത് വയനാട്ടുകാർ

Published

|

Last Updated

കല്‍പ്പറ്റ | വയനാട്ടിൽ ഒരു മാസത്തിനിടെ പ്രസവത്തെ തുടര്‍ന്ന് മരിച്ചത് മൂന്ന് ഗര്‍ഭിണികള്‍.  മതിയായ ചികിത്സ ലഭിക്കാതെയാണ് മരണങ്ങളെന്ന് ആരോപണം ശക്തമാകുന്നു. ജനുവരി 19ന് മൈലാടി പുഴക്കംവയല്‍ വൈശ്യന്‍ നൗഷാദിൻ്റെ ഭാര്യ നുസ്‌റത്ത് (23), ജനുവരി 30ന് വെള്ളമുണ്ട ഐക്കാരന്‍ ഷഫീഖിൻ്റെ ഭാര്യ ഫസ്ന (22), ഇന്നലെ കല്‍പ്പറ്റ ഗീതാലയം ഗ്രിജേഷിൻ്റെ ഭാര്യ കെ ഗീതു (32) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്.

ഇതില്‍ നുസ്റത്തിനെയും ഗീതുവിനെയും പ്രസവത്തിനായി കൈനാട്ടിയില്‍ ഗവ. താലൂക്ക് ആശുപത്രിയിലും ഫസ്നയെ മാനന്തവാടിയിലെ സ്വകാര്യ ആസ്പത്രിയിലുമാണ് പ്രവേശിപ്പിച്ചിരുന്നത്.

താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെയാണ് നുസ്റത്തിൻ്റെ കുഞ്ഞിനെ പുറത്തെടുത്തത്. ഇതേത്തുടര്‍ന്നു ആരോഗ്യനില വഷളായ യുവതിയെ മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

ഫസ്ന മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് പ്രസവിക്കുകയും രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കൂടുതല്‍ ചികിത്സക്കായി റഫര്‍ ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ച യുവതി രാത്രിയോടെ മരിക്കുകയുമായിരുന്നു.

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലാണ് ഗീതു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ 11 മണിയോടെ ഗീതു മരിച്ചു

മൂന്ന് പേരുടെയും മരണത്തിന് കാരണം ചികിത്സാപിഴവാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മാനന്തവാടിയിലും കല്‍പ്പറ്റയിലും പ്രതിഷേധ സമരങ്ങളും അരങ്ങേറി. ചികിത്സാ പിഴവുണ്ടായില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അതേസമയം, ഒരു മാസത്തിനിടെയുണ്ടായ മൂന്ന് മരണങ്ങള്‍ ജില്ലയിലെ ചികിത്സാ പരിമിതികളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.