Connect with us

Kerala

രാഹുല്‍ ഗാന്ധി റായ്ബറേലിയിലും മത്സരിക്കുമെന്നത് പറയാത്തത് വയനാട്ടുകാരോടുള്ള വഞ്ചന; രാഷ്ട്രീയ ധാര്‍മികതക്ക് ചേരാത്ത നടപടിയെന്നും ആനി രാജ

വയനാട്ടില്‍ താന്‍ വീണ്ടും മത്സരിക്കണമോ എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്

Published

|

Last Updated

തിരുവനന്തപുരം | രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും പിന്‍മാറുമെന്ന വാര്‍ത്തകള്‍ക്കിടെ ഇതിനോട് രൂക്ഷമായി പ്രതികരിച്ച് സിപിഐ നേതാവും വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥിയുമായിരുന്ന ആനി രാജ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ മത്സരിക്കുന്ന കാര്യം രാഹുല്‍ ഗാന്ധി മറച്ചുവെച്ചത് വയനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്ന് ആനി രാജ ആരോപിച്ചു. റായ്ബറേലിയില്‍ മത്സരിക്കുന്ന കാര്യം നേരത്തെ വയനാട്ടിലെ ജനങ്ങളോട് പറയണമായിരുന്നു. വയനാട്ടില്‍ നിന്ന് പിന്‍മാറിയത് രാഷ്ട്രീയ ധാര്‍മികതക്ക് ചേരാത്ത നടപടിയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

വയനാട്ടില്‍ താന്‍ വീണ്ടും മത്സരിക്കണമോ എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഭരണഘടന അനുശാസിക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധി രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതില്‍ തെറ്റില്ല. മുന്‍കൂട്ടി വയനാട്ടിലെ ജനങ്ങളോട് പറയാത്തത് മാത്രമാണ് തെറ്റെന്നും ആനി രാജ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി വയനാട് ഒഴിയുമെന്നും റായ്ബറേലി സീറ്റ് നിലനിര്‍ത്താന്‍ പ്രവര്‍ത്തക സമിതിയില്‍ ധാരണയന്നെന്നും വാര്‍ത്തകള്‍ക്കിടെയാണ് ആനി രാജയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി മണ്ഡല സന്ദര്‍ശനത്തിനുശേഷമായിരിക്കും തീരുമാനം അറിയിക്കുക. പ്രിയങ്ക ഗാന്ധി കേരളത്തില്‍ മത്സരിക്കില്ലെന്നും കേരളത്തിലെ നേതാക്കളെ പരിഗണിക്കാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം രാഹുല്‍ അടുത്തയാഴ്ച വയനാട്ടിലെത്തും. പിന്നാലെ റായ്ബറേലിയിലും എത്തും. വയനാട്ടിലും റായ്ബറേലിയിലും ജയിച്ചതോടെ, രാഹുല്‍ ഗാന്ധി ഏതു മണ്ഡലം നിലനിര്‍ത്തുമെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ ചൂടുപിടിച്ചിരുന്നു.രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തണമെന്നാണ് കോണ്‍ഗ്രസില്‍ പൊതുവെയുള്ള തീരുമാനം

 

Latest