Articles
'ഇന്ത്യ'യില്‍ നിന്ന് കേള്‍ക്കുന്നത് അത്ര നല്ല വാര്‍ത്തകളല്ല
രാജ്യത്തെ ഫാസിസത്തിലേക്കു നയിക്കുന്ന ബി ജെ പിയില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ നിലവില്‍ ഏതെങ്കിലും ഒരു പാര്‍ട്ടി മാത്രം വിചാരിച്ചാല്‍ സാധ്യമാകില്ല. അതുകൊണ്ട് 'ഇന്ത്യ' മുന്നണി നിലനില്‍ക്കേണ്ടതും മുന്നണി ശക്തിപ്പെടേണ്ടതും രാജ്യത്തെ മതേതര, ജനാധിപത്യ വിശ്വാസികളുടെ ആവശ്യമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്തിന്റെ നിലനില്‍പ്പ് ഓര്‍ത്ത് വിട്ടുവീഴ്ചക്ക് തയ്യാറാകുന്നില്ലെങ്കില്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് എന്നേക്കുമായി രാജ്യത്തെ തീറെഴുതി കൊടുക്കലായിരിക്കും ഫലം.
പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ മുന്നണിയില്‍ നിന്ന് പുറത്തുവരുന്നത് നല്ല വാര്‍ത്തകളല്ല. രാജ്യത്തിന്റെ പ്രതീക്ഷയായിരുന്ന ‘ഇന്ത്യ’ മുന്നണിയില്‍ നിന്ന് കൂട്ടം തെറ്റി നടക്കാന്‍ ചില പാര്‍ട്ടികള്‍ ഒരുങ്ങുകയാണ്. ഒരു രാജ്യം ഒരു പാര്‍ട്ടിയെന്ന ഫാസിസ്റ്റ് പാതയിലേക്ക് രാജ്യത്തെ കൊണ്ടുപോകാന്‍ ശ്രമം നടത്തുന്ന ബി ജെ പിയെ ഈ വാര്‍ത്ത സന്തോഷിപ്പിക്കും. എന്നാല്‍ ഇത് രാജ്യത്തെ സമാധാനപ്രിയരും ജനാധിപത്യവാദികളുമായ ഭൂരിപക്ഷം ജനതയെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ്. ഫാസിസ്റ്റ് ഭീഷണിയെ തടഞ്ഞു നിര്‍ത്താന്‍ മറുമരുന്നില്ലാത്ത സ്ഥിതിയില്‍ ‘ഇന്ത്യ’ മുന്നണി നിലനില്‍ക്കേണ്ടതും ശക്തിപ്പെടേണ്ടതും രാജ്യത്തിന്റെ ആവശ്യമാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുവെങ്കിലും തുടര്‍ന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അതാവര്‍ത്തിക്കാന്‍ ‘ഇന്ത്യ’ മുന്നണിക്ക് സാധിച്ചില്ല. അതിനെ മുന്നണിയിലെ ചില പാര്‍ട്ടികള്‍ പുനര്‍ചിന്തനത്തിനുള്ള അവസരമായി കാണുകയാണ്. ഝാര്‍ഖണ്ഡിലെയും ജമ്മു കശ്മീരിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയം പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന്റെ തെളിവായിരുന്നു. എന്നാല്‍ മധ്യപ്രദേശിലെയും ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും പരാജയം നല്‍കുന്ന സൂചന മറിച്ചാണ്.
മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡിയില്‍ നിന്ന് സമാജ്വാദി പാര്‍ട്ടി വേര്‍പിരിഞ്ഞു. സഖ്യത്തിന്റെ ഭാവിയെ കുറിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശങ്ക പ്രകടിപ്പിക്കുകയാണ്. അടുത്ത വര്‍ഷം നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുക തനിച്ചായിരിക്കുമെന്ന് കെജ്രിവാള്‍ പ്രസ്താവിക്കുകയുണ്ടായി. മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെയുടെ ശിവസേനയും സഖ്യം വിടാനുള്ള ഒരുക്കത്തിലാണ്. ഒടുവിലായി മമതാ ബാനര്‍ജി ‘ഇന്ത്യ’ മുന്നണിയുടെ നേതൃത്വത്തിനെതിരെ വിമര്‍ശനം കടുപ്പിച്ചിരിക്കുകയാണ്. മമത ഉന്നം വെക്കുന്നത് രാഹുല്‍ ഗാന്ധിയെയും കുടുംബത്തെയുമാണ്. മുന്നണി അധ്യക്ഷന്‍ എ ഐ സി സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണെങ്കിലും ഗാന്ധി കുടുംബമാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന അഭിപ്രായം ഘടക കക്ഷികള്‍ക്കിടയിലുണ്ട്. മുന്നണിയുടെ പ്രവര്‍ത്തന രീതിയില്‍ അതൃപ്തി പ്രകടിപ്പിച്ച മമതാ ബാനര്‍ജി നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറെന്ന് സൂചിപ്പിക്കുകയും ചെയ്തു.
സമാജ്്വാദി പാര്‍ട്ടിയും ശിവസേനയും (ഉദ്ദവ്) ശരദ് പവാറും മമതയെ പിന്തുണക്കുന്ന നിലപാടിലാണ്. ശരത് പവാര്‍, മമതാ ബാനര്‍ജിയെ രാജ്യത്തെ പ്രമുഖ നേതാവ് എന്ന് കൂടി വിശേഷിപ്പിക്കുകയുമുണ്ടായി. നേതൃമാറ്റത്തെ കുറിച്ച് പക്ഷം ചേരാതെ പ്രതികരിച്ചത് ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് മാത്രമാണ്. തേജസ്വി പറഞ്ഞത്, നേതൃമാറ്റം കൂട്ടായ തീരുമാന പ്രകാരമായിരിക്കണമെന്നാണ്. മുന്നണിയിലെ അസ്വാരസ്യം പരസ്യമായത് ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളിലെ പരാജയത്തോടെയാണ്. കോണ്‍ഗ്രസ്സിന്റെ നിലപാടാണ് പരാജയ കാരണമെന്ന് ഈ പാര്‍ട്ടികള്‍ ആരോപിക്കുന്നു.
‘ബി ജെ പിയെ പരാജയപ്പെടുത്തുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ സഖ്യം രൂപം കൊണ്ടത് കഴിഞ്ഞ വര്‍ഷം ജൂണിലാണ്. ആദ്യ യോഗം പാറ്റ്നയില്‍ വിളിച്ചുകൂട്ടിയത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറായിരുന്നു. അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച് ബി ജെ പിയെ പരാജയപ്പെടുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന ആഗ്രഹവും ആവശ്യവും യോഗത്തില്‍ പങ്കെടുത്തവര്‍ പങ്കിടുകയുണ്ടായി. ആദ്യ യോഗത്തില്‍ പങ്കെടുത്തത് 17 രാഷ്ട്രീയ പാര്‍ട്ടികളായിരുന്നു. നിലവില്‍ ‘ഇന്ത്യ’ മുന്നണിയില്‍ നാല്‍പ്പതോളം പാര്‍ട്ടികളുണ്ട്. സഖ്യം രൂപവത്കരിക്കാന്‍ മുന്‍കൈയെടുത്ത ജെ ഡി യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ പിന്നീട് ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എയുമായി കൈകോര്‍ത്തു. നിതീഷ് കുമാര്‍ ചുവട് മാറിയെങ്കിലും ബി ജെ പിയെ പരാജയപ്പെടുത്തണമെന്ന തീരുമാനത്തില്‍ മറ്റു പാര്‍ട്ടികള്‍ ഉറച്ചു നിന്നതിന്റെ നേട്ടം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ മുന്നണിക്ക് ലഭിക്കുകയുണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് സ്വന്തം സീറ്റുകള്‍ പലതും നഷ്ടമായി. എന്നാല്‍ തുടര്‍ന്നു നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഐക്യം നിലനിര്‍ത്താന്‍ ‘ഇന്ത്യ’ മുന്നണിക്ക് സാധിക്കാതെ പോയി. ഈ അനൈക്യം പാര്‍ലിമെന്റ് സമ്മേളനങ്ങളിലും പ്രകടമാണ്. പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കോണ്‍ഗ്രസ്സ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അദാനി വിരുദ്ധ പ്രതിഷേധവും പാര്‍ലിമെന്റ് ബഹിഷ്‌കരണവും ആവര്‍ത്തിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും സമാജ്വാദി പാര്‍ട്ടിയും മാറിനില്‍ക്കുകയാണ്. സംഭല്‍ ശാഹി ജുമാ മസ്ജിദുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ നിലപാടിനോട് സമാജ്വാദി പാര്‍ട്ടിക്ക് യോജിപ്പില്ല. അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭല്‍ പ്രദേശം രാഹുല്‍ ഗാന്ധിയും പ്രിയങ്കയും സന്ദര്‍ശിക്കാന്‍ ശ്രമം നടത്തിയെങ്കിലും സംഭല്‍ വിഷയം പാര്‍ലിമെന്റില്‍ ഉന്നയിക്കുന്നതില്‍ കോണ്‍ഗ്രസ്സ് താത്പര്യം കാണിക്കാതിരിക്കുന്നതിനെ എസ് പി ചോദ്യം ചെയ്യുകയാണ്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സും തമ്മില്‍ സഖ്യമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും യാഥാര്‍ഥ്യമായില്ല. ഹരിയാനയില്‍ വീണ്ടും ബി ജെ പി അധികാരത്തിലെത്തി. എ എ പിയുമായി കോണ്‍ഗ്രസ്സ് സീറ്റ് പങ്കുവെച്ചിരുന്നുവെങ്കില്‍ ബി ജെ പി അധികാരത്തിലെത്തുന്നത് തടയാമായിരുന്നു.
മഹാരാഷ്ട്രയിലും എ എ പിയെ അകറ്റിനിര്‍ത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും എ എ പിയും ഒന്നിച്ച് പോരാടിയപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിക്കുന്ന രീതിയാണ് കോണ്‍ഗ്രസ്സ് സ്വീകരിച്ചത്. സീറ്റ് പങ്കിടുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഘടക കക്ഷികള്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ മറ്റുള്ളവരെ കൂടെ ചേര്‍ക്കുന്നതിലും സീറ്റുകള്‍ പങ്കിടുന്നതിലും താത്പര്യം കാണിക്കുന്നില്ല. ‘ഇന്ത്യ’ മുന്നണിയില്‍പ്പെട്ട കോണ്‍ഗ്രസ്സും സി പി എമ്മും പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ സൗഹൃദ പട്ടികയില്‍ നിന്ന് പുറത്താണ്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന് തനിച്ചു മത്സരിക്കാനാണ് താത്പര്യം. കഴിഞ്ഞ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി കൂട്ടുചേരാതെ എ എ പി തനിച്ച് മത്സരിക്കുകയായിരുന്നു. യു പിയില്‍ കഴിഞ്ഞ മാസം നടന്ന ഒമ്പത് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ട സീറ്റ് നല്‍കാതെ മുഴുവന്‍ സീറ്റിലും സമാജ്വാദി പാര്‍ട്ടി തനിച്ചു മത്സരിക്കുകയായിരുന്നു.
സമാജ്വാദി പാര്‍ട്ടി ‘ഇന്ത്യ’ മുന്നണി വിടുകയാണെന്നറിയിച്ചത് പാര്‍ട്ടിയുടെ മഹാരാഷ്ട്ര അധ്യക്ഷന്‍ അബു ആസ്മിയാണ്. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ഓര്‍മ ദിനമായ ഡിസംബര്‍ ആറിന് ശിവസേന (ഉദ്ദവ് വിഭാഗം) ബാബരി മസ്ജിദ് തകര്‍ത്തവരെ പ്രശംസിച്ച് പത്ര പരസ്യം നല്‍കിയതിനെ ചോദ്യം ചെയ്തു കൊണ്ടാണ് മഹാവികാസ് അഘാഡി (എം വി എ)യുമായുള്ള ബന്ധം സമാജ്വാദി പാര്‍ട്ടി അവസാനിപ്പിച്ചത്. ഉദ്ദവ് താക്കറെയുടെ അടുത്ത ആളും എം എല്‍ സിയുമായ മിലിന്ദ് നര്‍വേക്കര്‍ ബാബരി മസ്ജിദ് തകര്‍ത്തവരെ അഭിനന്ദിച്ചുകൊണ്ട് എക്സില്‍ കുറിപ്പിടുകയുണ്ടായി. ഇവ രണ്ടും ഹിന്ദുത്വമെന്ന പഴയ നിലപാടിലേക്ക് ശിവസേന (ഉദ്ദവ്) തിരിച്ചു പോകുന്നു വെന്നാണ് സൂചിപ്പിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന മുംബൈ മുനിസിപല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കണമെങ്കില്‍ പഴയ മുദ്രാവാക്യത്തിലേക്ക് തിരിച്ചു പോകണമെന്ന് ഉദ്ദവ് താക്കറെ കണക്കു കൂട്ടുകയാണ്. രാജ്യത്തെ ഏറ്റവും സമ്പന്നമായ മുംബൈ മുനിസിപല്‍ കോര്‍പറേഷന്റെ ഭരണം ഉദ്ദവ് പക്ഷത്തിന്റെ കൈയിലാണ്. രാജ്യത്തെ ചെറിയ സംസ്ഥാനത്തേക്കാള്‍ വാര്‍ഷിക ബജറ്റ് അവതരിപ്പിക്കുന്ന മുനിസിപല്‍ കോര്‍പറേഷന്റെ ഭരണം നിലനിര്‍ത്തുന്നതിനുള്ള മലക്കം മറിച്ചിലായി ഈ പത്ര പരസ്യത്തെ കാണുന്നവരുണ്ട്.
രാജ്യത്തെ ഫാസിസത്തിലേക്കു നയിക്കുന്ന ബി ജെ പിയില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ നിലവില്‍ ഏതെങ്കിലും ഒരു പാര്‍ട്ടി മാത്രം വിചാരിച്ചാല്‍ സാധ്യമാകില്ല. അതുകൊണ്ട് ‘ഇന്ത്യ’ മുന്നണി നിലനില്‍ക്കേണ്ടതും മുന്നണി ശക്തിപ്പെടേണ്ടതും രാജ്യത്തെ മതേതര, ജനാധിപത്യ വിശ്വാസികളുടെ ആവശ്യമാണ്. ‘ഇന്ത്യ’ മുന്നണിയിലെ പാര്‍ട്ടികള്‍ പലതും വിവിധ കാലങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ നയങ്ങളെ ചൊല്ലിയും നേതൃപദവിയെ ചൊല്ലിയും പിണങ്ങി പിരിഞ്ഞുണ്ടായ പാര്‍ട്ടിയും പാര്‍ട്ടി പിളര്‍ന്നുണ്ടായ പാര്‍ട്ടികളുമാണ്. ആ നിലക്ക് കോണ്‍ഗ്രസ്സിനോടും കോണ്‍ഗ്രസ്സിന് തിരിച്ചും തുറന്ന മനസ്സോടെ സഹകരിക്കുന്നതില്‍ അകലം തോന്നുക സ്വാഭാവികമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്തിന്റെ നിലനില്‍പ്പ് ഓര്‍ത്ത് ഈഗോ മാറ്റിവെച്ച് പരസ്പരം മാനിക്കുകയും വിട്ടുവീഴ്ചക്ക് തയ്യാറാകുകയും ചെയ്തില്ലെങ്കില്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് എന്നേക്കുമായി രാജ്യത്തെ തീറെഴുതി കൊടുക്കലായിരിക്കും ഫലം.