Ongoing News
അത്ര സുരക്ഷിതമല്ല, വൈ ഫൈ ഹോട്ട്‌സ് പോട്ടുകൾ
വ്യക്തിഗത വിവരങ്ങളും രേഖകളും വരെ നഷ്ടപ്പെടാം
കോഴിക്കോട് | പൊതുസ്ഥലങ്ങളിലെ വൈ ഫൈ ഹോട്ട്‌സ് പോട്ടുകള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി പോലീസ്. വൈ ഫൈ നെറ്റ് വര്‍ക്കുകള്‍ സുരക്ഷിതമല്ലെന്നും ഇത് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ വ്യാപകമാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍ മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവയിലെ വൈ ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സൗകര്യപ്രദമാണ്. പക്ഷേ പലപ്പോഴും അവ സുരക്ഷിതമല്ല. ഒരു വൈ ഫൈ നെറ്റ് വര്‍ക്കിലേക്ക് കണക്്ട് ചെയ്ത് വെബ്‌സൈറ്റുകളിലൂടെയോ മൊബൈല്‍ ആപ്പുകളിലൂടെയോ വിവരങ്ങള്‍ കൈമാറുമ്പോള്‍ മറ്റാര്‍ക്കെങ്കിലും അവ കൈക്കലാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് സൈബര്‍ പോലീസ് വ്യക്തമാക്കുന്നു.
വൈ ഫൈ നെറ്റ്്്വര്‍ക്ക് നല്‍കുന്നവര്‍ക്ക് അവ ഉപയോഗിക്കുന്നവരുടെ ഫോണ്‍ ഹൈജാക്ക് ചെയ്യാനും ലോഗിന്‍ ചെയ്യാനും കഴിയും. സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ള ഉപയോക്താക്കള്‍ക്ക് പോലും ഇത് സാധ്യമാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഒരാളുടെ വ്യക്തിഗത വിവരങ്ങള്‍, സ്വകാര്യ രേഖകള്‍, കോണ്‍ടാക്്ടുകള്‍, കുടുംബ ഫോട്ടോകള്‍, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ എന്നിവ പോലും നഷ്്ടപ്പെടാനിടയുണ്ട്.