Connect with us

Ongoing News

ഇതര രാജ്യങ്ങളെ പോലെ മത്സരിക്കാനല്ല; സ്വയം വികസനമാണ് ലക്ഷ്യം: സഊദി കിരീടാവകാശി

Published

|

Last Updated

വാഷിംഗ്ടണ്‍ | സഊദി അറേബ്യ ഇതര രാജ്യങ്ങളെ പോലെ ആകാന്‍ ശ്രമിക്കുകയല്ല, സ്വയം വികസനമാണ് ലക്ഷ്യമിടുന്നതെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. രാജ്യത്തിന്റെ സാമ്പത്തിക ആസ്തികള്‍ ഉപയോഗപ്പെടുത്തി ജനതയുടെ സാധ്യതകള്‍ വളര്‍ത്തുകയും സംസ്‌കാരം, പശ്ചാത്തലം എന്നിവയെ അടിസ്ഥാനമാക്കി സ്വയം വികസിക്കുകയുമാണ് ലക്ഷ്യം. സഊദിയിലെ പരിഷ്‌കാരങ്ങള്‍, അന്താരാഷ്ട്ര ബന്ധങ്ങള്‍, സമ്പദ് വ്യവസ്ഥ എന്നിവയെക്കുറിച്ച് അമേരിക്കന്‍ മാസികയായ അറ്റ്‌ലാന്റിക്കിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സഊദി കിരീടാവകാശി ഇക്കാര്യം പറഞ്ഞത്.

സഊദി അറേബ്യയുടെ ആത്മാവ് ഇസ്ലാമിക തത്വത്തില്‍ അധിഷ്ടിതം
സഊദി അറേബ്യയുടെ ആത്മാവ് ഇസ്ലാമിക തത്വത്തില്‍ അധിഷ്ടിതമാണ്. പ്രവാചക പാത പിന്‍പറ്റിയാണ് കഴിയുന്നത്. ഇസ്ലാമിക വിശ്വാസങ്ങളിലാണ് രാജ്യം സ്ഥാപിതമായത്. ഈ വിശ്വാസമാണ് നമ്മുടെ ആത്മാവ്. അത് ഒഴിവാക്കിയാല്‍ രാജ്യം തകരും. ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒരു കൂട്ടം വീക്ഷണങ്ങളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലാണ് സ്ഥാപിതമായിരിക്കുന്നത്. വിവിധ കാഴ്ചപ്പാടുകളുടെയും വിശ്വാസങ്ങളുടെയും അടിത്തറയെ അടിസ്ഥാനമാക്കിയുള്ളതാണ് ജനാധിപത്യം, സ്വാതന്ത്ര്യം, സ്വതന്ത്ര സമ്പദ്വ്യവസ്ഥ, മുതലായവ. അമേരിക്ക ഇതിന് ഉദാഹരമാണ്. നമ്മുടെ വിശ്വാസങ്ങള്‍ നമ്മുടെ ആത്മാവാണ്. വിശുദ്ധ മസ്ജിദുകള്‍ സഊദി അറേബ്യയിലാണ്. ആര്‍ക്കും അത് നീക്കം ചെയ്യാന്‍ കഴിയില്ല. വിശുദ്ധ മസ്ജിദുകളോട് ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. സഊദി ജനതക്കും ലോക ജനതക്കും വേണ്ടി നമ്മുടെ രാജ്യത്തെ ശരിയായ പാതയില്‍ എത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ഇതര രാജ്യങ്ങളെ പോലെ മത്സരിക്കാനല്ല; സ്വയം വികസനമാണ് ലക്ഷ്യം
ലോകത്തിലേക്ക് പുതിയതായി പലതും ചേര്‍ക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സഊദിയിലെ പല പ്രോജക്ടുകളും അതുല്യമാണ്. ഉദാഹരണത്തിന്, അല്‍-ഉല നോക്കുകയാണെങ്കില്‍. അത് സവിശേഷമായ സഊദിയെയാണ് വിളിച്ചോതുന്നത്. അതുപോലൊരു മാതൃക വേറെ കാണാന്‍ കഴിയില്ല. ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക പദ്ധതികളിലൊന്നായ ദിരിയ്യയിലെ പ്രോജക്ടും പ്രാധാന്യമുള്ളതാണ്. നെജ്ദി തീം സാംസ്‌കാരിക പൈതൃക പദ്ധതിയാണിത്. ജിദ്ദയിലെ പഴയ പട്ടണത്തിലേക്കും ചുറ്റുമുള്ള വികസനത്തിലേക്കും നോക്കിയാല്‍, അത് ഹിജാസി പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

നിയോമിലേക്കും നിയോമിലെ പ്രധാന നഗരമായ ദി ലൈനിലേക്കും നോക്കുകയാണെങ്കില്‍ അത് സഊദി അറേബ്യ സൃഷ്ടിച്ചതും നിര്‍മിച്ചതുമാണ്. അത് ലോകത്തിലെ മറ്റൊരിടത്തു നിന്നും പകര്‍ത്തിയതല്ല. സഊദി അറേബ്യ വികസിക്കാനും മുമ്പ് ആരും സൃഷ്ടിക്കാത്ത പരിഹാരങ്ങള്‍ സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിനോദ/സാംസ്‌കാരിക/കായിക പദ്ധതികളിലൊന്നായ ഖിദ്ദിയ റിയാദില്‍ ഏകദേശം 300 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് പരന്നുകിടക്കുന്നത്. ലോകത്തിലെ ചില ചെറിയ രാജ്യങ്ങളുടെ വലുപ്പത്തേക്കാള്‍ വലുതാണിത്. അതിനാല്‍ ഞങ്ങള്‍ പകര്‍ത്തുകയല്ല, പുതുമയുള്ളവരാകാന്‍ ശ്രമിക്കുകയാണ്. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ നിന്നുള്ള മൂലധനം, ഗവണ്‍മെന്റ് ബജറ്റില്‍ ഉള്ള മൂലധനം, നൂതനമായ രീതിയില്‍, നമ്മുടെ സംസ്‌കാരത്തെ അടിസ്ഥാനമാക്കിയാണ് ഉപയോഗിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നത്.

 

---- facebook comment plugin here -----

Latest