Connect with us

ചിത്രം വി ചിത്രം

നോട്ടയാണ് നമ്മുടെ ചിഹ്നം

ജനാധിപത്യം തകര്‍ക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ക്ക് എതിരായി എല്ലാവരും നോട്ടക്ക് വോട്ട് ചെയ്യണമെന്നായിരുന്നു മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രചാരണം.

Published

|

Last Updated

ഭോപ്പാല്‍ | ഇന്നലെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ ഇന്‍ഡോര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സുകാരുടെ വോട്ട് നോട്ടക്ക്. ജനാധിപത്യം തകര്‍ക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ക്ക് എതിരായി എല്ലാവരും നോട്ടക്ക് വോട്ട് ചെയ്യണമെന്നായിരുന്നു മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രചാരണം. ഇന്‍ഡോറില്‍ കോണ്‍ഗ്രസ്സിന് സ്ഥാനാര്‍ഥി ഇല്ലാതായതോടെയാണ് നോട്ടക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് പാര്‍ട്ടി രംഗത്തെത്തിയത്.

ആദ്യമായാണ് ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നോട്ടക്ക് വോട്ട് ചോദിക്കുന്നത്. ഇന്‍ഡോറിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം ആയിരുന്നു. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായ ഏപ്രില്‍ 29ന് അദ്ദേഹം ബി ജെ പി യിലേക്ക് ചേക്കേറി. കോണ്‍ഗ്രസ്സ് കോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതോടെയാണ് നോട്ടക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചത്. നോട്ടക്ക് വോട്ട് ചെയ്യണമെന്ന് മണ്ഡലത്തില്‍ വ്യാപകമായ പ്രചാരണവും നടത്തിയിരുന്നു. ഗുജറാത്തിലെ സൂറത്തിലും സമാനമായ രീതിയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി പിന്മാറിയിരുന്നു. അവിടെ ബി ജെ പി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യത്തെ സംരക്ഷിക്കാനും ധാര്‍മിക വിജയത്തിനും ബി ജെ പിയെ പരാജയപ്പെടുത്തണമെന്നും എല്ലാവരും നോട്ടക്ക് വോട്ട് ചെയ്യണമെന്നും കോണ്‍ഗ്രസ്സ് വ്യാപക പ്രചാരണം നടത്തിയിരുന്നു.

അതേസമയം, നിലവിലെ നിയമമനുസരിച്ച് ഒരു മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നോട്ടക്ക് ലഭിച്ചാല്‍, ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന രണ്ടാമത്തെ സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കും. കോണ്‍ഗ്രസ്സ് പിന്തുണയില്‍ നോട്ട ജയിച്ചാലും രണ്ടാം സ്ഥാനത്തുള്ള ബി ജെ പി സ്ഥാനാര്‍ഥി ശങ്കര്‍ ലാല്‍വാനിയെ വിജയിയായി പ്രഖ്യാപിക്കും. ഇന്‍ഡോറില്‍ നിന്നുള്ള സിറ്റിംഗ് എം പിയാണ് ശങ്കര്‍ ലാല്‍വാനി. 2019ല്‍ 5.4 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലാല്‍വാനി ലോക്‌സഭയിലെത്തിയത്. ഇത്തവണയും ബി ജെ പി തന്നെ ജയിക്കുമെന്നാണ് വിലയിരുത്തല്‍. എങ്കിലും എളുപ്പത്തില്‍ വിജയം നേടാമെന്ന് അവര്‍ പ്രതിക്ഷിക്കേണ്ടെന്ന് കോണ്‍ഗ്രസ്സ് പറയുന്നു. സ്ഥാനാര്‍ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് ചെയ്തത്. അവര്‍ക്ക് ശക്തമായ മറുപടി നല്‍കണമെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിത്തു പട്വാരി ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest