Connect with us

cpm party congress@ kannur

പാര്‍ട്ടി കോണ്‍ഗ്രസിലെ ശ്രദ്ധേയ സെമിനാര്‍ ഇന്ന്

പിണറായിയും സ്റ്റാലിനുമുണ്ടെങ്കിലും കെ വി തോമസിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് രാഷ്ട്രീയ കേരളം

Published

|

Last Updated

കണ്ണൂര്‍ | രാഷ്ട്രീ കേരളം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്നസി പി എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാര്‍ ഇന്ന്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് കെ വി തോമസ് പങ്കെടുക്കുന്നുവെന്നതാണ് സെമിനാര്‍ ശ്രദ്ധേയമാകുന്നത്. പിണറായിയും സ്റ്റാലിനുമുണ്ടെങ്കിറും കെ വി തോമസിന്റെ വാക്കുകള്‍ക്കാണ് രാഷ്ട്രീയ കേരളം കാതോര്‍ക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലാണ് സെമിനാര്‍.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ കെ വി തോമസിനെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് ഇപ്പോള്‍ അല്‍പ്പം പിന്നോക്കം പോയിട്ടുണ്ട്. സെമിനാറില്‍ എന്ത് സംസാരിക്കുന്നുവെന്ന് നോക്കിയിട്ട് നടപടി എടുക്കാമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തിലെ സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമ്പോള്‍ രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്. ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാര്‍ വേദിയില്‍ കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്ര മന്ത്രിയെ തന്നെ കൊണ്ട് വന്ന് സി പി എം നല്‍കുന്നത് വലിയ രാഷ്ട്രീയ സന്ദേശമാണ്. ദേശീയ തലത്തില്‍ ബി ജെ പിയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് വ്യക്തമാക്കി, അവരുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്ന് സി പി എം തീരുമാനിക്കുമ്പോള്‍ കൂടിയാണ് തോമസിന്റെ വരവ്. തോമസ് കോണ്‍ഗ്രസ് വിടില്ലെന്ന് ആവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് അച്ചടക്ക നടപടിയുണ്ടായാല്‍ സംരക്ഷിക്കുമെന്നാണ് സി പി എം നിലപാട്.

ബി ജെ പിക്കെതിരെ പുതിയ പ്രതിപക്ഷ ഐക്യം എന്ന ചര്‍ച്ച നടക്കുമ്പോഴാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും സെമിനാറിലെത്തുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടികളുമായി സി പി എം ഐക്യം ഉറപ്പിക്കുന്നതിന്റെ സൂചന കൂടിയായി ഈ സെമിനാറിനെ കാണാം.

 

 

Latest