Techno
നത്തിങ് 3 വരുന്നു; എഐ ഫീച്ചറും ഐഫോണിന് സമാനമായ ആക്ഷൻ ബട്ടണും: ലോഞ്ച് മാർച്ചിലെന്ന് സൂചന
ക്വാൽകോമിന്‍റെ സ്‌നാപ്‌ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റിലായിരിക്കും ഈ ഫോൺ പ്രവർത്തിക്കുക.
ബംഗളൂരു | വ്യത്യസ്‌തമാർന്ന രൂപകൽപ്പനയിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ചൈനീസ് മൊബൈൽ ഫോൺ നിർമാതാക്കളായ നത്തിങിന്‍റെ പുതിയ ഫോൺ വരുന്നു. നത്തിങ് ഫോൺ 3 ഈ വർഷത്തിന്‍റെ ആദ്യപാദത്തിൽ തന്നെ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ.
2025 മാർച്ചിൽ ഫോൺ വിപണിയിൽ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഫോണിന്‍റെ വിലയും സവിശേഷതകളും ഉൾപ്പെടെ നിരവധി കാര്യങ്ങൾ ചോർന്നിട്ടുണ്ട്.ഫോണിന്‍റെ ലോഞ്ചിനെ സംബന്ധിച്ച വിവരങ്ങൾ നത്തിങ് കമ്പനിയിലെ ജീവനക്കാരുടെ മെയിൽ വഴി ചോർന്നതായാണ് വിവരം. ടിപ്‌സ്റ്റർ ഇവാൻ ബ്ലാസ് തന്‍റെ എക്‌സ് പേജിൽ ഈ മെയിൽ പങ്കിട്ടിട്ടുണ്ട്. പങ്കുവെച്ച മെയിലിൽ നത്തിങിന്‍റെ വരാനിരിക്കുന്ന ഫോണിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നില്ലെങ്കിലും, നത്തിങ് സീരീസിൽ എഐ ഫീച്ചറുകളുമായി വരുന്ന ആദ്യ ഫോണായിരിക്കും ഇതെന്നാണ് സൂചന നൽകുന്നത്.
പ്രത്യേകതകൾ
ചോർന്ന നിരവധി വിവരങ്ങൾ അനുസരിച്ച്, 120 ഹെട്‌സ് റിഫ്രഷ് റേറ്റോടുകൂടിയ 6.67 ഇഞ്ച് എൽടിപിഒ AMOLED എച്ച്‌ഡിആർ10 പ്ലസ് സ്‌ക്രീൻ ആയിരിക്കും നത്തിങ് ഫോൺ (3) ഫീച്ചർ ചെയ്യുക.
ക്വാൽകോമിന്‍റെ സ്‌നാപ്‌ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റിലായിരിക്കും ഈ ഫോൺ പ്രവർത്തിക്കുക. നിലവിൽ പുറത്തിറങ്ങുന്ന ഫ്ലാഗ്‌ഷിപ്പ് ഫോണുകളിൽ സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് SoC ചിപ്‌സെറ്റാണ് നൽകുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ വരാനിരിക്കുന്ന നത്തിങ് ഫോൺ 3-യിൽ ഫീച്ചർ ചെയ്യുക പഴയ തലമുറ മോഡലാണെങ്കിലും സ്‌നാപ്‌ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ഫ്ലാഗ്‌ഷിപ്പ് ഫോണുകൾക്ക് മികച്ചതാണ്.
12 ജിബി റാമും 512 ജിബി വരെ സ്റ്റോറേജുമായാണ് നത്തിങ് ഫോൺ 3 വിപണിയിലെത്തുക. 45 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയായിരിക്കും നൽകുക. നിരവധി എഐ ഫീച്ചറുകളുമായെത്തുന്ന നത്തിങ്ഒഎസ് 3.0 ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും ഫോൺ പ്രവർത്തിക്കുക. ഉപയോക്താക്കൾക്ക് ഇഷ്‌ടാനുസരണം കസ്റ്റമൈസ് ചെയ്യാവുന്ന എൽഇഡി ലൈറ്റ് സ്ട്രിപ്പുകളുള്ള ഗ്ലിഫ് ഇന്റർഫേസായിരിക്കും നത്തിങിന്‍റെ മറ്റ് ഫോണുകളെ പോലെ നത്തിങ് ഫോൺ 3-യുടെ പിൻവശത്ത് നൽകുകയെന്നാണ് സൂചന.
കൂടാതെ ഐഫോണിന് സമാനമായ ആക്ഷൻ ബട്ടണും പുതിയ ഫോണിൽ ഉൾപ്പെടുത്തിയേക്കാം. നത്തിങ് ഫോൺ 3-യുടെ ക്യാമറ സ്‌പെസിഫിക്കേഷനെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഫോണിന് ഏകദേശം 50,000 രൂപ വില വരാനാണ് സാധ്യത.