Techno
നത്തിങ് ഫോണ്‍ 2എ ഇന്ത്യയിലെത്തി
നത്തിങ് ഫോണ്‍ 2എയുടെ 8 ജിബി + 128 ജിബി മോഡലിന് 23,999 രൂപയാണ് വില.
ന്യൂഡല്‍ഹി|സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ നത്തിങ് പുതിയ ഫോണ്‍ കൂടി വിപണിയില്‍ അവതരിപ്പിച്ചു. നത്തിങ് ഫോണ്‍ 2എയാണ് ഇന്ത്യ അടക്കമുള്ള വിപണികളില്‍ അവതരിപ്പിച്ചത്. കമ്പനിയുടെ മൂന്നാമത്തെ സ്മാര്‍ട്ട് ഫോണാണിത്. നത്തിങ് സ്മാര്‍ട്ട്‌ഫോണിന്റെ വിലകുറഞ്ഞ വേരിയന്റായിരിക്കും ഇത്.
നത്തിങ് ഫോണ്‍ 2എയില്‍ 6.7-ഇഞ്ച് എഫ്എച്ച്ഡി+ ഒലെഡ് ഫ്‌ളെക്‌സിബിള്‍ എച്ച്ഡിആര്‍10+ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. 30-120എച്ച്ഇസെഡ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 240എച്ച് ടച്ച് സാംപ്ലിംഗ് റേറ്റ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവയെല്ലാം ഫോണില്‍ നല്‍കിയിട്ടുണ്ട്. ഒക്ടാ കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7200 പ്രോ 4എന്‍എം പ്രോസസര്‍ ആണ് സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്.
ഡ്യുവല്‍ റിയര്‍ കാമറ സജ്ജീകരണവുമായാണ് നത്തിങ് ഫോണ്‍ 2എ വന്നിരിക്കുന്നത്. പ്രധാന കാമറയ്ക്കും അള്‍ട്രാ വൈഡ് കാമറയ്ക്കും 50എംപി സെന്‍സറുകള്‍ നല്‍കിയിട്ടുണ്ട്. 45ഡബ്ല്യു വയര്‍ഡ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 5000എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിരിക്കുന്നത്. വെള്ള, ഡാര്‍ക്ക് ഗ്രേ എന്നീ നിറങ്ങളില്‍ നത്തിങ് ഫോണ്‍ 2എ ലഭ്യമാകും. നത്തിങ് ഫോണ്‍ 2എയുടെ 8 ജിബി + 128 ജിബി മോഡലിന് 23,999 രൂപയാണ് വില. 8 ജിബി + 256 ജിബി മോഡലിന് 25,999 രൂപയും ടോപ്പ് എന്‍ഡ് 12ജിബി + 256ജിബി മോഡലിന് 27,999 രൂപയുമാണ് വില വരുന്നത്.