Connect with us

Kerala

കെകെ രമയുടെ അടിയന്തര പ്രമേയ നോട്ടീസ്; മുഖ്യമന്ത്രിക്ക് പകരം വീണാ ജോര്‍ജ് മറുപടി നല്‍കി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ സര്‍ക്കാര്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് മറുപടി നല്‍കി.

Published

|

Last Updated

തിരുവനന്തപുരം | സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിക്ക് പകരം ആരോഗ്യമന്ത്രി വീണാജോര്‍ജ് മറുപടി നല്‍കി. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച കെകെ രമ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. പ്രശ്‌നം സര്‍ക്കാര്‍ ലാഘവത്തോടെ എടുക്കുകയാണെന്നും മുഖ്യമന്ത്രി സഭയില്‍ മറുപടി പറയാത്തത് ഇതിന് ഉദാഹരണമാണെന്നും രമ പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ സര്‍ക്കാര്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് മറുപടി നല്‍കി. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും പോലീസിന്റെ അറിവില്‍പ്പെടുന്നതുമായ എല്ലാ സംഭവങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്ത് ഊര്‍ജ്ജിതമായ അന്വേഷണം നടത്തി പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചു. ശാസ്ത്രീയവും പഴുതടച്ചതുമായ അന്വേഷണമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വീണജോര്‍ജ് സഭയില്‍ വ്യക്തമാക്കി.

വനിതാ ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിലാണ് വീണാ ജോര്‍ജ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ വിഷയത്തില്‍ മറുപടി പറഞ്ഞതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

പോക്സോ കേസുകളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമകേസുകളും കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനത്ത് 56 കോടതികള്‍ ഉണ്ട്.ഇതില്‍ അതിക്രൂരമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍മാരെയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ ദലിത് പെണ്‍കുട്ടിക്കെതിരായ അതിക്രമത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റിലായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

Latest