Connect with us

Food safety inspection

ജ്യൂസ് കടകളിലും പരിശോധന; 27 കടകള്‍ക്ക് നോട്ടീസ്

ഉപയോഗ ശൂന്യമായ 88 പാല്‍ പാക്കറ്റുകള്‍, 16 കിലോഗ്രാം പഴങ്ങള്‍, 5 കിലോഗ്രാം ഈന്തപ്പഴം, 12 കുപ്പി തേന്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.

Published

|

Last Updated

തിരുവനന്തപുരം | ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന ആരംഭിച്ച് ആരോഗ്യ വകുപ്പ്. കടയുടെ വൃത്തി പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പഴങ്ങള്‍, വെള്ളം, ഐസ്, കളര്‍ എന്നിവ പരിശോധിക്കും. പരിശോധനയോടൊപ്പം ബോധവത്ക്കരണം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് സ്‌ക്വാഡിന്റെ അവലോകന യോഗം നടത്തുന്നതാണ്. 199 ജ്യൂസ് കടകളാണ് പരിശോധിച്ചത്. നാല് ജ്യൂസ് കടയ്‌ക്കെതിരെ നടപടി സ്വീകരിച്ചു. ആറ് സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചു. 27 കടകള്‍ക്ക് നോട്ടീസ് നല്‍കി. ഉപയോഗ ശൂന്യമായ 88 പാല്‍ പാക്കറ്റുകള്‍, 16 കിലോഗ്രാം പഴങ്ങള്‍, 5 കിലോഗ്രാം ഈന്തപ്പഴം, 12 കുപ്പി തേന്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.

ഹോട്ടലുകളിലേയും സ്ഥാപനങ്ങളിലേയും ഭക്ഷ്യ സുരക്ഷാ പരിശോധന തുടരുന്നുണ്ട്. ഇതോടൊപ്പം മീനിലെ മായം കണ്ടെത്താനുള്ള ഓപ്പറേഷന്‍ മത്സ്യയും ശര്‍ക്കരയില്‍ മായം കണ്ടെത്താനുള്ള ഓപ്പറേഷന്‍ ജാഗറിയും തുടരുന്നു. ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടത്തി വരുന്നു.

ഇന്ന് 190 സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ചു. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 16 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 59 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 20 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. എട്ട് സാമ്പിളുകള്‍ പരിശോധനക്കയച്ചു. കഴിഞ്ഞ 10 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2,373 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 217 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 776 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 334 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 193 സാമ്പിളുകള്‍ പരിശോധനനക്കയച്ചു.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6,361 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4,255 പരിശോധനകളില്‍ 2,296 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കായി അയച്ചിട്ടുണ്ട്. 90 പേര്‍ക്ക് നോട്ടീസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 544 സ്ഥാപനങ്ങള്‍ പരിശോധിച്ചു. അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.