Kerala
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നോട്ടീസ്; നടപടി റദ്ദ് ചെയ്തതായി കെ എസ് എഫ് ഇ ചെയര്‍മാന്‍
വയനാട് ദുരന്ത ബാധിതര്‍ക്കെതിരെ ഇനി ഒരു നടപടിയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നോട്ടീസ് അയച്ച കെ എസ് എഫ് ഇ നടപടി റദ്ദ് ചെയ്തതായി ചെയര്‍മാന്‍ കെ വരദരാജന്‍ അറിയിച്ചു.
മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാന്‍ ആവശ്യപ്പെട്ടാണ് എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയത്. കെ എസ് എഫ് ഇ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. വയനാട് ദുരന്തബാധിതരെ റിക്കവറി നടപടകളില്‍ നിന്ന് ഒഴിവാക്കും.
വയനാട് ദുരന്ത ബാധിതര്‍ക്കെതിരെ ഇനി ഒരു നടപടിയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദുരന്തബാധിതര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകാന്‍ പാടില്ലെന്ന് നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നതാണ്. അങ്ങനയിരിക്കെ ഇത്തരത്തില്‍ നോട്ടീസ് നല്‍കിയത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് കെ എസ് എഫ് ഇ റിജ്യണല്‍ മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വരദരാജന്‍ പറഞ്ഞു.
മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാന്‍ ആവശ്യപ്പെട്ട് ചൂരല്‍മല സ്വദേശികളായ സൗജത്ത്, മിന്നത്ത് എന്നിവര്‍ക്കാണ് നോട്ടീസ് ലഭിച്ചത്. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായി താല്‍ക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ് ഇരുവരുടെയും കുടുംബങ്ങള്‍ താമസിക്കുന്നത്. ജീവിക്കാന്‍ പോലും വഴിയില്ലാതെ ദുരിതത്തില്‍ കഴിയുന്നതിനിടെയാണ് പണം അടക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ്. ദുരിത ബാധിതരില്‍ നിന്ന് ഇ എം ഐ അടക്കം ഒന്നും പിടിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. വായ്പ തിരിച്ചടവ് പിരിക്കുന്നത് നിര്‍ത്തിവെക്കും എന്നു മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിരുന്നു.