National
വിജ്ഞാപനമായി; വഖ്ഫ് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍
വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജികള്‍ നിലനില്‍ക്കെയാണ് വിജ്ഞാപനം.

ന്യൂഡല്‍ഹി | വഖ്ഫ് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചതോടെയാണിത്. നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജികള്‍ നിലനില്‍ക്കെയാണ് വിജ്ഞാപനം.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി രാഷ്ട്രപതി ഒപ്പ് വച്ച് രാഷ്ട്രപതി ഭവന്‍ വിജ്ഞാപനമിറക്കിയതോടെയാണ് വഖ്ഫ് ബില്‍ നിയമമായത്. നേരത്തെ, ലോക്സഭയില്‍ 14 മണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവില്‍ വോട്ടെടുപ്പിലൂടെയാണ് ബില്‍ പാസ്സാക്കിയത്. 288 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 232 പേര്‍ എതിര്‍ത്തു. ആകെ 520 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
രാജ്യസഭയില്‍ നടന്ന വോട്ടിംഗില്‍ ബില്ലിനെ 128 പേര്‍ പിന്തുണച്ചപ്പോള്‍ 95 പേര്‍ എതിര്‍ത്തു. പതിമൂന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് രാജ്യസഭയില്‍ ബില്‍ പാസായത്. പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും തള്ളിയാണ് ഇരു സഭകളും ബില്‍ പാസ്സാക്കിയത്.