Connect with us

kerala school kalolsavam 2023

ഇനി മധുരം കിനിയും നാളുകൾ

ഇന്ന് രാവിലെ 8.30 ഓടെ മേളക്ക് തുടക്കമാകും.

Published

|

Last Updated

കോഴിക്കോട് | 61ാമത് സ്‌കൂൾ കലോത്സവത്തിന് മിഴി തുറക്കാൻ ഇനി മണിക്കൂറുകൾ മാത്രം. മധുരമൂറുന്ന കോഴിക്കോടൻ തെരുവിൽ ഇനി മൊഞ്ചിന്റെ അഞ്ച് നാൾ. 24 വേദികൾ. പതിനാലായിരം പ്രതിഭകൾ. 239 ഇനങ്ങൾ. 117.5 കിലോ ഗ്രാം തൂക്കമുള്ള സ്വർണക്കപ്പ് പാലക്കാട് നിന്ന് കോഴിക്കോട്ടെത്തി. ജില്ലാ അതിർത്തിയിൽ സ്വീകരണം. പത്ത് കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് മാനാഞ്ചിറയിൽ പ്രദർശനം.

എസ് കെ പൊറ്റക്കാടിന്റെ കഥയിലെ ഓർമകളിരമ്പുന്ന അതിരാണിപ്പാടത്താണ് പ്രധാന വേദി. വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനം ഇനി അങ്ങനെ അറിയപ്പെടും. മേളയിലെ അതിഥികൾ ഇന്നലെ ഉച്ചയോടെ എത്തി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലയിൽ നിന്നുള്ളവരാണ് ആദ്യത്തെ വിരുന്നുകാർ. ജനശതാബ്ദി എക്‌സ്പ്രസ്സിൽ എത്തിയ പ്രതിഭകളെ ചെണ്ടമേളത്തോടെ പൂമാലയിട്ട് കോഴിക്കോടൻ ഹലുവയും കൊടുത്ത് സ്വീകരിച്ചു.

ചക്കരപ്പന്തലെന്നാണ് ഊട്ടുപുരക്ക് പേര്. മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിലാണ് സംവിധാനിച്ചിരിക്കുന്നത്. പഴയിടം മോഹനൻ നമ്പൂതിരി തന്നെയാണ് മുഖ്യ പാചകക്കാരൻ.
ഇന്ന് രാവിലെ 8.30 ഓടെ മേളക്ക് തുടക്കമാകും. കവി പി കെ ഗോപി രചിച്ച സ്വാഗത ഗാനത്തോടെയാണ് വേദി ഉണരുക. വിക്രം മൈതാനത്ത് കൂറ്റൻ ഗിറ്റാറിന്റെ മാതൃകയിൽ തയ്യാറാക്കിയ കൊടിമരത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തും. ഔപചാരിക ഉദ്ഘാടനം രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

Latest