Health
ഇനി കാലുകളിലേക്ക് നോക്കിക്കോളൂ; വിണ്ടുകീറല്‍ മാറ്റാന്‍ ചില പൊടിക്കൈകള്‍ ഇതാ...
കാലുവിണ്ടുകീറുന്നതിനു ആയുർവേദത്തിലുള്ള ഉത്തമമാർഗമാണ് ആര്യവേപ്പില.
കൈകാലുകളുടെ സൗന്ദര്യത്തിൽ പ്രത്യേക ശ്രദ്ധ വയ്ക്കുന്നവരാണ് നമ്മൾ മലയാളികൾ.ആളുകളുടെ കാലുകളിലേക്ക് നോക്കിയാൽ അറിയാം അവരുടെ വൃത്തി എന്നതൊക്കെയാണ് നമ്മുടെ സങ്കല്പം. അതുകൊണ്ടുതന്നെ കാലുകളിൽ ഉണ്ടാവുന്ന വിണ്ട് കീറലുകളും പൊട്ടി അടരുകളുമൊക്കെ നമുക്കുണ്ടാക്കുന്നത് ശാരീരിക വേദന മാത്രമല്ല.മറ്റുള്ളവർ കാണുമ്പോൾ ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ കൂടിയാണ്.
പൊട്ടി വികൃതമായ കാലുകൾ പുറത്ത് കാണിക്കാൻ പോലും മടിക്കുന്ന അവസ്ഥയും ഉണ്ടാവാറുണ്ട് പലർക്കും.തണുപ്പുകാലത്താണ് കാല് വിണ്ടുകീറുന്നത് അല്ലെങ്കിൽ പൊട്ടി അടരുന്നത് സ്വാഭാവികം ആകുന്നത്. കാലിനെ വൃത്തികേടാക്കുന്ന വിണ്ടുകീറലിനെതിരെ വീട്ടിൽ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകളെ കുറിച്ചാണ് നമ്മൾ ഇന്ന് പറയുന്നത്.
- ചെറു ചൂടുവെള്ളത്തിൽ കാലുകൾ ഇറക്കി വയ്ക്കുക – നിങ്ങൾക്ക് വിണ്ടുകീറൽ ഉണ്ടെങ്കിൽ ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് കാലുകൾ 20 മിനിറ്റു നേരം അതിൽ മുക്കി വെക്കുക. ഇതിനുശേഷം കാൽ തുടച്ച് മോയിസ്ചറൈസർ പുരട്ടാം. ഇത് നിങ്ങളുടെ കാലിലെ വിണ്ടുകീറൽ ഒരു പരിധിവരെ തടയാൻ സഹായിക്കും.
- കാല് എപ്പോഴും മോയ്സ്ചറൈസ് ചെയ്യുക – കാല് എപ്പോഴും കഴുകിത്തുടച്ച് വൃത്തിയാക്കി മോയ്സ്റ്ററൈസ് ചെയ്ത സൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. ഇത് നിങ്ങളുടെ ചർമ്മത്തിലെ ഈർപ്പവും ഓയിലി രൂപവും നിലനിർത്താൻ സഹായിക്കും.
- സോപ്പ് ഉപയോഗിക്കാതിരിക്കുക – വിണ്ടുകീറുന്ന കാൽപാദം ഉള്ളവരാണ് നിങ്ങളെങ്കിൽ സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ന്യൂട്രൽ സോപ്പുകളോ, സോപ്പ് –ഫ്രീ സൊല്യൂഷനുകളോ ഉപയോഗിച്ചാൽ വരൾച്ച കുറയ്ക്കാം.
- ആര്യവേപ്പില ഉപയോഗിക്കാം – കാലുവിണ്ടുകീറുന്നതിനു ആയുർവേദത്തിലുള്ള ഉത്തമമാർഗമാണ് ആര്യവേപ്പില. രണ്ടുതണ്ട് ആര്യവേപ്പിലയിലേക്ക് സ്വൽപം മഞ്ഞൾ പൊടി ചേർത്ത് അരയ്ക്കുക. അരയ്ക്കുമ്പോൾ കുറച്ച് വെള്ളവും ചേർക്കാം. അതിനുശേഷം ഇത് വിണ്ടുകീറിയ ഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനുശേഷം കഴുകിക്കളയാം. തുടർന്ന ഉണങ്ങിയ തുണി ഉപയോഗിച്ച് കാലുകൾ വൃത്തിയായി ഉണക്കിയെടുക്കുക.
ഇനി കാലിൽ വിണ്ടുകീറൽ ഉണ്ടെന്ന് പറഞ്ഞ് ഇഷ്ടമുള്ള ചെരിപ്പുകൾ പോലും ധരിക്കാൻ മടിക്കേണ്ട. ഇത്തരം പൊടിക്കൈകൾ സ്ഥിരമായി പരീക്ഷിക്കുന്നതിലൂടെ നിങ്ങൾക്ക് വിണ്ടു കീറൽ എന്ന പ്രശ്നത്തെ അതിജീവിക്കാനാവും. ഇതൊക്കെ ചെയ്തിട്ടും നിങ്ങളുടെ വിണ്ടുകീറൽ മാറുന്നില്ലെങ്കിൽ ഒരു ഡോക്ടറുടെ സഹായം തേടുന്നതാണ് നല്ലത്.