National
അമരത്ത് ത്രിവര്‍ണ പതാകയുയര്‍ന്നു ; ഐ എന്‍ എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
ഐഎന്‍എസ് വിക്രാന്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള ഉത്തരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊച്ചി | ഐഎന്‍എസ് വിക്രാന്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള ഉത്തരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ലക്ഷ്യവും അസാധ്യമല്ലെന്നു വിക്രാന്ത് തെളിയിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിനു മുതല്‍ക്കൂട്ടാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും പറഞ്ഞു. വിക്രാന്ത് സ്വയംപര്യാപ്തതയുടെ പ്രതീകമാണെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പ്രധാനമന്ത്രി ഐ എന്‍ എസ് വിക്രാന്ത്് രാജ്യത്തിനായി സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പങ്കെടുത്തു
വെള്ളിയാഴ്ച രാവിലെ 9.30-ന് കൊച്ചി കപ്പല്‍ശാലയില്‍ 150 അംഗ ഗാര്‍ഡ് ഓഫ് ഓണറോടെയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. വിക്രാന്തിന്റെ കമാന്‍ഡിങ് ഓഫീസര്‍ കമ്മഡോര്‍ വിദ്യാധര്‍ ഹാര്‍കെ കമ്മിഷനിങ് വാറന്റ് വായിച്ചശേഷം പ്രധാനമന്ത്രി കപ്പലിനുള്ളില്‍ പ്രവേശിച്ചു. വിക്രാന്തിന്റെ മുന്‍വശത്തെ ഡെക്കില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം പ്രധാനമന്ത്രി പിന്‍വശത്തെ ഡെക്കില്‍ നാവികസേനയുടെ പുതിയ പതാകയും ഉയര്‍ത്തി.
76 ശതമാനം ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ ഉപയോഗിച്ചാണ് 15 വര്‍ഷം കൊണ്ട് കപ്പല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. രാജ്യത്ത് നിര്‍മിച്ചതില്‍ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. രണ്ട് ഫുട്‌ബോള്‍ കളിക്കളങ്ങളുടെ വലിപ്പമുണ്ട് കപ്പലിന്റെ ഫ്‌ലൈറ്റ് ഡെക്കിന്. കൊച്ചി കപ്പല്‍ ശാലയിലാണ് രാജ്യത്തിന് അഭിമാനമായ ഈ യുദ്ധ കപ്പല്‍ നിര്‍മിച്ചത്.
23000 കോടി രൂപ ചെലവിലാണ് കപ്പലിന്‍രെ നിര്‍മാണം. 2002 -ലാണ് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം പദ്ധതിക്ക് കിട്ടുന്നത്. കൊച്ചി കപ്പല്‍ ശാലയുമായി കരാറില്‍ ഒപ്പ് വയ്ക്കുന്നത് 2007 -ല്‍. നിര്‍മ്മാണം തുടങ്ങിയത് 2009 -ല്‍. 1971 -ലെ ഇന്തോ- പാക് യുദ്ധത്തില്‍ നിര്‍ണായകപങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കലായ ഐഎന്‍എസ് വിക്രാന്തിനോടുള്ള ആദരസൂചകമായാണ് പുതിയ കപ്പലിനും വിക്രാന്ത് എന്ന് പേര് വന്നത്.