പടനിലം
മറ്റെവിടെയുമില്ല ഈ വൈബ്
ജനകീയ എം എല്‍ എമാര്‍ തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. സംസ്ഥാനത്ത് ഇതുപോലെ തീപാറും മത്സരം മറ്റെവിടെയുമില്ലെന്നുതന്നെ പറയാം.

തിരഞ്ഞെടുപ്പ് കോലാഹലങ്ങളില്‍ ഇളകിമറിയുകയാണ് വടകര. പ്രചാരണ വിഷയങ്ങളും ട്രെന്‍ഡുകളും വിവാദങ്ങളും അടുത്ത മണിക്കൂറില്‍ എങ്ങനെയെന്ന് പ്രവചിക്കുക അസാധ്യം. ജനകീയ എം എല്‍ എമാര്‍ തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. സംസ്ഥാനത്ത് ഇതുപോലെ തീപാറും മത്സരം മറ്റെവിടെയുമില്ലെന്നുതന്നെ പറയാം. മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയും ഷാഫി പറമ്പിലും വോട്ടര്‍മാര്‍ക്ക് പ്രിയപ്പെട്ടവരാണ്.
ഇമേജും വിവാദങ്ങളും
ടി പി ചന്ദ്രശേഖരന്‍ വധമുണ്ടാക്കിയ ക്ഷീണം മറികടന്ന് സ്ത്രീവോട്ടര്‍മാരെ ഉള്‍പ്പെടെ സ്വാധീനിക്കാനാണ് മികച്ച ഇമേജുള്ള ശൈലജയെ സി പി എം കളത്തിലിറക്കിയത്. യൂത്ത് ഐക്കണായ ഷാഫിയെ പാലക്കാട്ട് നിന്ന് കളത്തിലിറക്കുക വഴി കോട്ട നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്സും യു ഡി എഫും. വോട്ടര്‍മാരോടുള്ള ഇടപഴകലിലും രീതികളിലും ‘ന്യൂജെന്‍ വൈബാ’ണ് ഷാഫിയുടെ പ്രചാരണത്തില്‍. തുടക്കത്തില്‍ പതിവുപോലെ ടി പി ചന്ദ്രശേഖരന്‍ വധമായിരുന്നു ചര്‍ച്ചാ വിഷയം. പിന്നീടത് പലതരം വിവാദങ്ങളിലേക്കും ചര്‍ച്ചകളിലേക്കും വഴിമാറി. പാനൂരിലെ ബോംബ് സ്ഫോടനത്തോടെയായിരുന്നു ഈ മാറ്റം. സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതോടെ എല്‍ ഡി എഫ് പ്രതിരോധത്തിലായി.
ശൈലജക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ ഉയര്‍ത്തി എല്‍ ഡി എഫ് പിടിമുറുക്കിയപ്പോള്‍ യു ഡി എഫിന് പ്രതിരോധത്തിലേക്ക് വലിയേണ്ടിവന്നു. ഈ വിഷയം ഉയര്‍ത്തിക്കാട്ടി കണ്ഠമിടറി ശൈലജ നടത്തിയ വാര്‍ത്താസമ്മേളനം സംസ്ഥാനത്തുടനീളം വലിയ ചര്‍ച്ചയായി.
പിന്നീട് പ്രസ്താവന തിരുത്തിയും തിരുത്തിയില്ലെന്ന് പറഞ്ഞും രംഗത്തെത്തിയ ശൈലജ തന്നെ ഈ ചര്‍ച്ചകളെ അരികിലേക്ക് മാറ്റി. അപവാദ പ്രചാരണത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്ക് നേരിട്ട് പങ്കുണ്ടെന്ന ശൈലജയുടെ ആരോപണം പിടിവള്ളിയാക്കി ഷാഫി തിരിച്ചടിക്കുകയും ചെയ്തു.
യുവവോട്ട്
വടകരയില്‍ ഭൂരിപക്ഷം വരുന്ന സ്ത്രീ വോട്ടര്‍മാരിലാണ് എല്‍ ഡി എഫ് കണ്ണ്. യുവജനങ്ങളില്‍ പിടിമുറുക്കുക വഴി ആധിപത്യം തുടരാനാകുമെന്ന് യു ഡി എഫും കണക്കുകൂട്ടുന്നു. മറ്റൊരിടത്തും കാണാത്തവിധം വലിയ ആള്‍ക്കൂട്ടം സൃഷ്ടിക്കാന്‍ ഇരു മുന്നണികള്‍ക്കും കഴിയുന്നുണ്ട്.
മണ്ഡലത്തില്‍ 32 ശതമാനത്തിലധികം വരുന്ന മുസ്ലിം വോട്ടുകള്‍ എങ്ങോട്ട് തിരിയുമെന്നതാണ് നിര്‍ണായകം. ഇതു മുന്നില്‍ക്കണ്ട്, ന്യൂനപക്ഷ വിഷയങ്ങള്‍ പരമാവധി പ്രചാരണത്തിനെടുക്കുന്നുണ്ട് ഇരു മുന്നണികളും.
സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ആഴത്തില്‍ വേരോട്ടമുണ്ടായിരുന്നു വടകരയില്‍. ഇത്തവണ ഇരു ദളുകളും (ജനതാദള്‍ എസ്, ആര്‍ ജെ ഡി) എല്‍ ഡി എഫിനൊപ്പമാണ്. കഴിഞ്ഞ തവണ അയ്യായിരത്തിലധികം വോട്ടുകള്‍ നേടിയ എസ് ഡി പി ഐ ഇത്തവണ മത്സരരംഗത്തില്ല. യുവ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണയാണ് എന്‍ ഡി എ സ്ഥാനാര്‍ഥി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴില്‍ ആറ് മണ്ഡലങ്ങളിലും ഇടതിനായിരുന്നു ആധിപത്യം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ 15 വര്‍ഷമായി യു ഡി എഫിനൊപ്പം അചഞ്ചലമാണ്.