Connect with us

kerala new party

കേരളത്തിന്റെ 'തിപ്രമോത' യായി എൻ പി പി വരുന്നു

കേരളത്തിന്റെ മതേതര സമൂഹത്തിൽ വിള്ളൽ സൃഷ്ടിക്കാൻ കഴിയുന്ന പുതിയ പാർട്ടി സൃഷ്ടിക്കുകയെന്ന ബി ജെ പിയുടെ ലക്ഷ്യം യാഥാർഥ്യമാക്കുകയാണ് ജോണി നെല്ലൂരിന്റെ ദൗത്യം

Published

|

Last Updated

കോഴിക്കോട് | മതേതര വോട്ടുകളിൽ വിള്ളൽ വീഴ്ത്തി വിജയം കൊയ്യുന്ന ബി ജെ പിയുടെ രാഷ്ട്രീയ തന്ത്രത്തിന് കേരളത്തിലും വഴിയൊരുങ്ങുന്നു.
ത്രിപുരയിൽ വീണ്ടും അധികാരം പിടിക്കാൻ തിപ്രമോത ചെയ്ത രാഷ്ട്രീയ ദൗത്യത്തിനു സമാനമായ തന്ത്രം കേരളത്തിലും രൂപപ്പെടുകയാണ്. ബി ജെ പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിനു വിവിധ സംസ്ഥാനങ്ങളിൽ ബി ജെ പി ചെലവിൽ ഇത്തരം പാർട്ടികളെ സൃഷ്ടിച്ചിരുന്നു.

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂരിന്റെ രാജിയോടെ, കേരളത്തിൽ മതേതര വോട്ടുകൾ ഭിന്നിപ്പിക്കുന്നതിൽ ബി ജെ പിയുടെ രാഷ്ട്രീയ ഓപ്പറേഷൻ സുപ്രധാന ഘട്ടത്തിലേക്കു പ്രവേശിക്കുകയാണ്. നാഷനലിസ്റ്റ് പ്രോഗ്രസ്സീവ് പാർട്ടി (എൻ പി പി) എന്ന പേരിൽ പിറക്കാൻ പോകുന്ന പുതിയ പാർട്ടിയുടെ നേതൃനിരയിൽ അദ്ദേഹം ഉണ്ടാവുമെന്നാണു കരുതുന്നത്.

ജോസഫ് ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനവും കഴിഞ്ഞ 30 വർഷമായി യു ഡി എഫ് ഉന്നതാധികാര സമിതി അംഗത്വവും 2018 മുതൽ വഹിച്ചുവരുന്ന യു ഡി എഫ് സെക്രട്ടറി സ്ഥാനവും രാജിവച്ചുകൊണ്ടാണ് കേരള കോൺഗ്രസ്സിലെ ഒരു സമുന്നത നേതാവ് പുറത്തു പോകുന്നത്.
കഴിഞ്ഞ ഏതാനും നാളുകളായി ക്രൈസ്തവ സഭാ നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്ന ബി ജെ പി അനുകൂല പ്രസ്താവനകളുടെ തുടർച്ചയാണ് അദ്ദേഹത്തിന്റെ രാജി.

കേരളത്തിന്റെ മതേതര സമൂഹത്തിൽ വിള്ളൽ സൃഷ്ടിക്കാൻ കഴിയുന്ന പുതിയ പാർട്ടി സൃഷ്ടിക്കുകയെന്ന ബി ജെ പിയുടെ ലക്ഷ്യം യാഥാർഥ്യമാക്കുകയാണ് ജോണി നെല്ലൂരിന്റെ ദൗത്യം. കേരള കോൺഗ്രസിന്റെ ചരിത്രത്തിലെ വളരും തോറും പിളരുക എന്ന തത്വത്തിന്റെ തുടർച്ചയായല്ല ഈ പിളർപ്പ് ന്നെ പ്രത്യേകതയുമുണ്ട്. എം എൽ എമാരായ മാത്യു സ്റ്റീഫൻ, ജോർജ് ജെ മാത്യു തുടങ്ങിയവരേയും ഒരു വിഭാഗം നേതാക്കളേയും കൊണ്ടായിരിക്കും അദ്ദേഹം പുറത്തുപോകുന്നത്.

നാഷനലിസ്റ്റ് പ്രോഗ്രസ്സീവ് പാർട്ടി (എൻ പി പി) ക്രൈസ്തവ സഭകളുടെ മാനസ പുത്രനായിരിക്കുമെങ്കിലും സെക്യുലർ പാർട്ടിയായാണു പ്രത്യക്ഷപ്പെടുക. എല്ലാ വിഭാഗം ആൾക്കാർക്കും പ്രവേശനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ മതേതര മുഖം കൊണ്ടുവരുന്നത്.

പരമ്പരാഗതമായി യു ഡി എഫിനു പിന്നിൽ അണി നിരന്നിട്ടുള്ള ക്രൈസ്തവ വിഭാഗത്തെ എളുപ്പത്തിൽ അടർത്തിയെടുത്തു ബി ജെ പി പാളയത്തിൽ എത്തിക്കാനുള്ള കരുനീക്കം സഭകൾ കേന്ദ്രീകരിച്ചു നടക്കുന്നുണ്ട്.

കുറച്ചു കാലമായി ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ തീവ്ര ആശയങ്ങളുമായി പ്രവർത്തിക്കുന്ന ഒരു വിഭാഗമുണ്ട്. ബി ജെ പിയോട് ആഭിമുഖ്യം പുലർത്തുന്ന ഈ വിഭാഗത്തിന്റെ രാഷ്ട്രീയ താൽപര്യമാണ് നാഷനലിസ്റ്റ് പ്രോഗ്രസ്സീവ് പാർട്ടി (എൻ പി പി) എന്ന പേരിൽ യാഥാർഥ്യമാവുന്നത് എന്നാണു വിവരം. ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ താൽപര്യ പ്രകാരം രൂപപ്പെടുന്ന ഈ പാർട്ടി കേരളത്തിൽ ബി ജെ പിയുടെ ഘടകകഷിയാകുമോ അല്ല, ബി ജെ പിക്കുവേണ്ടി മതേതര പക്ഷത്തെ വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കി ബി ജെ പിയുടെ വഴി സുഗമമാക്കുമോ എന്നതു കണ്ടറിയണം.

ബി ജെ പി ആശയങ്ങൾ ക്രൈസ്തവ സമൂഹത്തിൽ വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന ചില സംഘടനകളുടെ നേതാക്കളും പുതിയ പാർട്ടിയിൽ ഉണ്ടാവും. ഇവരുടെ നേതൃത്വത്തിൽ പുതിയ പാർട്ടിക്കു വേണ്ടിയുള്ള ആലോചന നടന്നു വരികയായിരുന്നു. ഏറ്റവും അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തിൽ തന്നെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനുള്ള ശ്രമമാണു നടക്കുന്നത്.

കേരളത്തിൽ വേരറ്റുകൊണ്ടിരിക്കുന്ന വിവിധ പാർട്ടികളെ സമ്പൂർണമായി പുതിയ പാർട്ടിയിൽ ലയിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.

Latest