Business
ഡിജിറ്റല്‍ ഗോള്‍ഡ് വില്‍പനയ്ക്ക് എന്‍എസ്ഇയുടെ വിലക്ക്
സെപ്തംബര്‍ പത്തിനകം ഡിജിറ്റല്‍ ഗോള്‍ഡ് ഇടപാട് നിര്‍ത്തണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ന്യൂഡല്‍ഹി| ഡിജിറ്റല്‍ ഗോള്‍ഡ് വില്‍പന നിര്‍ത്താന്‍ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഹരി ബ്രോക്കര്‍മാരോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സെബിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് അംഗങ്ങളോടും ഓഹരി ബ്രോക്കര്‍മാരോടും ഇക്കാര്യം ആവശ്യപ്പെട്ടത്. സെപ്തംബര്‍ പത്തിനകം ഡിജിറ്റല്‍ ഗോള്‍ഡ് ഇടപാട് നിര്‍ത്തണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഓഹരി ഇടപാട് പ്ലാറ്റ്‌ഫോമിലൂടെ ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാനും വില്‍ക്കാനുമുള്ള സൗകര്യം പല ഓഹരി ബ്രോക്കര്‍മാരും ഒരുക്കിയിരുന്നു.
1957ലെ സെക്യൂരിറ്റീസ് കോണ്‍ട്രാക്ട് റെഗുലേഷന്‍ ആക്ട് അനുസരിച്ചാണ് സെബിയുടെ വിലക്ക്. ഓഹരി, കമ്മോഡിറ്റി എന്നീ ഇടപാടുകള്‍ക്കു മാത്രമേ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്താവൂ എന്നാണ് വ്യവസ്ഥ. ആക്ട് പ്രകാരം ഡിജിറ്റല്‍ ഗോള്‍ഡ് സെക്യൂരിറ്റീസിന്റെ നിര്‍വചനത്തില്‍ വരുന്നില്ല.