Connect with us

NSS

ശൗര്യം നഷ്ടപ്പെട്ട് എൻ എസ് എസ്; ഭരണ-പ്രതിപക്ഷ കക്ഷികൾ സംഘടനയെ ഗൗനിക്കുന്നില്ല

എൻ എസ് എസിന്റെ പിണക്കം തീർക്കാൻ നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോൾ പ്രത്യേക ദൂതനെ ചങ്ങനാശ്ശേരിയിലെ എൻ എസ് എസ് ആസ്ഥാനത്തേക്ക് അയച്ച് ചർച്ച നടത്തിയ സംഭവം വരെയുണ്ടായിട്ടുണ്ട്

Published

|

Last Updated

ആലപ്പുഴ | കാലാകാലങ്ങളിൽ അധികാരത്തിലെത്തുന്ന സർക്കാറുകളെ മുൾമുനയിൽ നിർത്തി നയപരമായ തീരുമാനങ്ങൾ പോലും എടുപ്പിച്ചിരുന്ന എൻ എസ് എസ് നേതൃത്വത്തിന് ഇത് പ്രതാപ നഷ്ടത്തിന്റെ കാലം.

ഭരണകക്ഷി മാത്രമല്ല, പ്രതിപക്ഷത്തുള്ള സംസ്ഥാന കോൺഗ്രസ്സ് പോലും സംഘടനയെ കാര്യമായി പരിഗണിക്കുന്നില്ല. ഇതുണ്ടാക്കുന്ന നിസ്സഹായാവസ്ഥ സംഘടനക്കകത്ത് തന്നെ അസ്വസ്ഥതകൾ സൃഷ്ടിക്കുകയാണ്.

ഉമ്മൻ ചാണ്ടി സർക്കാറിൽ സ്വന്തം സമുദായാംഗത്തിന് താക്കോൽ സ്ഥാനം നിഷേധിച്ചതിന്റെ പേരിലുണ്ടായ കോലാഹലങ്ങൾ ദേശീയ തലത്തിൽ തന്നെ ചർച്ചയായിരുന്നു. എന്നാൽ രാഷ്ട്രീയ പാർട്ടികൾ, പ്രത്യേകിച്ച് ഭരണ രംഗത്തുള്ള കക്ഷികൾ എൻ എസ് എസിന്റെ തിട്ടൂരങ്ങൾക്ക് വിലകൽപ്പിക്കുന്നില്ലെന്നാണ് അടുത്തിടെയുണ്ടായിട്ടുള്ള സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്.
എല്ലാകാലത്തും തിരഞ്ഞെടുപ്പുകളിൽ സ്വീകരിച്ചുവന്ന സമദൂര നയം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുത്തപ്പെട്ടതാണ് എൻ എസ് എസ് നേതൃത്വത്തിന് തിരിച്ചടിയായത്.
വോട്ടെടുപ്പ് ദിനത്തിൽ ഇടത് സർക്കാറിന്റെ തുടർഭരണവുമായി ബന്ധപ്പെട്ട് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നടത്തിയ വിവാദ പ്രസ്താവനയും അതിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയും ഏറെ നാൾ ചർച്ച ചെയ്യപ്പെട്ടതാണ്. ജനറൽ സെക്രട്ടറിയുടെ പ്രസ്താവനക്കെതിരെ വിവിധ കരയോഗ നേതൃത്വങ്ങൾ പരസ്യമായി രംഗത്ത് വന്നതും തിരിച്ചടിയായി.

സാമുദായികവും വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പിലും വിദ്യാഭ്യാസ, തൊഴിൽ സംവരണമടക്കമുള്ള മറ്റു വിഷയങ്ങളിലും എൻ എസ് എസിന്റെ നിലപാടുകൾക്ക് മുൻകാലങ്ങളിൽ സർക്കാറുകൾ ഏറെ വിലകൽപ്പിച്ചിരുന്നു.

ഇത്തരം വിഷയങ്ങളിൽ എൻ എസ് എസ് നേതൃത്വം സർക്കാറിൽ കൃത്യമായ ഇടപെടലുകളും നടത്തിയിരുന്നു. സർക്കാറുകളെ സമ്മർദത്തിൽ നിർത്തി പലതും നേടിയെടുക്കുന്നതിൽ എന്നും മുൻപന്തിയിലായിരുന്നു എൻ എസ് എസ് നേതൃത്വം.

സർക്കാർ ഉടമസ്ഥതയിലുള്ള ഏക്കർ കണക്കിന് ഭൂമിയാണ് ഇത്തരത്തിൽ സമ്മർദം ചെലുത്തി എൻ എസ് എസ് കൈക്കലാക്കിയിട്ടുള്ളത്.

മുന്നാക്ക കമ്മീഷൻ രൂപവത്കരണം, മറ്റു കമ്മീഷനുകൾക്കില്ലാത്തവിധം ഇതിന്റെ ചെയർമാന് ക്യാബിനറ്റ് പദവി, സാമ്പത്തിക സംവരണം തുടങ്ങി പലതും എൻ എസ് എസ് നേതൃത്വത്തിന്റെ ഇടപെടലിൽ ഇടതു-വലതു സർക്കാറുകൾ അനുവദിച്ചു നൽകി.

അടുത്തിടെ, മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താൻ കുടുംബശ്രീ നേതൃത്വത്തിൽ ആരംഭിച്ച സർവേക്കെതിരെ കടുത്ത എതിർപ്പുമായി എൻ എസ് എസ് നേതൃത്വം രംഗത്തെത്തി.
എന്നാൽ അതൃപ്തി കണക്കിലെടുക്കാതെ സർവേ നടപടികളുമായി മുന്നോട്ട് പോകാനുള്ള തീരുമാനമാണ് സർക്കാറിന്റെ ഭാഗത്ത് നിന്നുള്ളത്. അതേസമയം, ഇതിനെതിരെ കാര്യമായ പ്രതികരണങ്ങളൊന്നും എൻ എസ് എസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.
ഈ വിഷയത്തിൽ സർക്കാറുമായി ഏറ്റുമുട്ടാനോ സമുദായാംഗങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കാനോ എൻ എസ് എസ് നേതൃത്വം തയ്യാറായിട്ടില്ല.

ദേശീയ രാഷ്ട്രീയത്തിൽ പോലും നിർണായക സ്വാധീനം ചെലുത്തിയിരുന്ന എൻ എസ് എസിന്റെ പിണക്കം തീർക്കാൻ നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോൾ പ്രത്യേക ദൂതനെ ചങ്ങനാശ്ശേരിയിലെ എൻ എസ് എസ് ആസ്ഥാനത്തേക്ക് അയച്ച് ചർച്ച നടത്തിയ സംഭവം വരെയുണ്ടായിട്ടുണ്ട്.

Latest