Kerala
സ്പീക്കർക്കെതിരെ നിയമപരമായി നീങ്ങാൻ എൻ എസ് എസ്; പരസ്യ പ്രതിഷേധം വേണ്ട
നിയമപരമായി തെറ്റുകളെ നേരിടുകയെന്നതാണ് എൻ എസ് എസ് നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.

പത്തനംതിട്ട | സ്പീക്കർ എ എൻ ഷംസീറുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകാൻ എൻ എസ് എസ്. കൂടുതൽ പരസ്യ പ്രതിഷേധം വേണ്ടെന്ന നിലപാടാണ് എൻ എസ് എസ് എടുത്തത്. ഇന്ന് ചേർന്ന നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.
സ്പീക്കറെ സർക്കാർ ഇടപെട്ട് തിരുത്തിയില്ലെങ്കിൽ നിയമപരമായി മുന്നോട്ടു നീങ്ങാനാണ് തീരുമാനമെന്ന് എൻ എസ് എസ് ജന. സെക്രട്ടറി ജി സുകുമാരൻ നായർ അറിയിച്ചു. വിവാദത്തിൽ അക്രമ സമരത്തിന് ജനങ്ങളെ ഇറക്കാനില്ലെന്നത് അന്തസ്സുള്ള നിലപാടാണെന്ന് എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗവും കേരള കോൺഗ്രസ് (ബി) നേതാവുമായ കെ ബി ഗണേശ് കുമാർ എം എൽ എ പറഞ്ഞു.
മുതലെടുപ്പുകൾക്ക് എൻ എസ് എസ് നിന്നു കൊടുക്കില്ല. നിയമപരമായി തെറ്റുകളെ നേരിടുകയെന്നതാണ് എൻ എസ് എസ് നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു. ഇടത് മുന്നണിയിൽ ഘടകകക്ഷിയാണ് കേരള കോൺഗ്രസ് (ബി).