International
ആണവ കരാര്‍: യു എസ്- ഇറാന്‍ ചര്‍ച്ച നാളെ മസ്കത്തിൽ
ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും

മസ്‌കത്ത് | ആണവ കരാര്‍ സംബന്ധിച്ച യു എസ്- ഇറാന്‍ ചര്‍ച്ച നാളെ ഒമാൻ തലസ്ഥാനമായ മസ്കത്തിൽ നടക്കും. യു എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഖ്ചിയും തമ്മിലാണ് ചര്‍ച്ച. യു എസ് ഇറാനുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സ്ഥിരീകരിച്ചിരുന്നു.
മധ്യസ്ഥന്‍ എന്ന നിലയില്‍ നിഷ്പക്ഷത പുലര്‍ത്തുന്നതിനാലാണ് ഒമാനില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നത്. ഇരു രാജ്യങ്ങളും ആണവ കരാറില്‍ എത്തിച്ചേരുമെന്നാണ് സൂചന. ചര്‍ച്ച സമാധാനത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇറാന്‍ ഒരിക്കലും ഒരു ആണവായുധം കൈവശം വെക്കാന്‍ പോകുന്നില്ലെന്ന് വ്യക്തമായിരുന്നെന്നും അതാണ് കൂടിക്കാഴ്ചയിലേക്ക് നയിച്ചതെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ നാളെ ഉച്ചക്ക് മസ്‌കത്തില്‍ എത്തുമെന്ന് വൃത്തങ്ങള്‍ അറിയിച്ചതായി അറേബ്യന്‍ സ്റ്റോറീസ് റിപോര്‍ട്ട് ചെയ്തു.