Connect with us

From the print

സ്വകാര്യ മേഖലക്ക് ആണവ പച്ചക്കൊടി

രാജ്യത്ത് ഇതാദ്യമായാണ് ആണവ മേഖലയിൽ സ്വകാര്യ സാന്നിധ്യത്തിന് അനുമതി നൽകുന്നത്

Published

|

Last Updated

ന്യൂഡൽഹി | ആണവ മേഖലയിൽ ഇനി ‘സ്വകാര്യ’ സാന്നിധ്യവും. കേന്ദ്ര ബജറ്റിലാണ് ഇതുസംബന്ധിച്ച പദ്ധതിയുള്ളത്. ആണവനിലയ നിർമാണത്തിന് ഇനി സ്വകാര്യ മേഖലക്കും പങ്കാളികളാകാം. രാജ്യത്ത് ഇതാദ്യമായാണ് ആണവ മേഖലയിൽ സ്വകാര്യ സാന്നിധ്യത്തിന് അനുമതി നൽകുന്നത്. ചെറുകിട ആണവ റിയാക്ടറുകൾ നിർമിക്കാനാണ് ബജറ്റിലെ മറ്റൊരു പദ്ധതി.

ചെറുകിട മോഡുലാർ റിയാക്ടറുകൾ വികസിപ്പിക്കാൻ ഗവേഷണം നടത്തും. ചെറുകിട റിയാക്ടറുകൾ ഗൗരവമായി കാണണമെന്ന് നിതി ആയോഗ് നിരന്തരം സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ആണവ മേഖലയിൽ സ്വകാര്യ മേഖലക്ക് അനുമതി നൽകിയത് വലിയ ചുവടുവെപ്പാണെന്ന് നിതി ആയോഗിലെ ശാസ്ത്ര- സാങ്കേതികവിദ്യാ അംഗം വി കെ സാരസ്വത് പറഞ്ഞു.

ഭാരത് സ്‌മോൾ റിയാക്ടറുകൾ (ബി എസ് ആർ) സംവിധാനിക്കാൻ സ്വകാര്യ മേഖലയുമായി സർക്കാർ പങ്കാളിയാകുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്. ഭാരത് സ്‌മോൾ മോഡുലാർ റിയാക്ടർ (ബി എസ് എം ആർ), ആണവോർജത്തിന് പുതിയ സാങ്കേതിവിദ്യകളുടെ വികസനവും ഗവേഷണവും എന്നിവയിലും സ്വകാര്യ മേഖലയുമായി പങ്കാളിയാകും. നേരത്തേ ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച ഗവേഷണ- വികസന നിധി ഈ മേഖലക്ക് ലഭ്യമാക്കുമെന്നും അവർ പറഞ്ഞു.

ഇന്ത്യ ആണവോർജ നിയമം- 1962 പ്രകാരം ആണവോർജ ഉത്പാദനത്തിൽ പങ്കാളികളാകാൻ സ്വകാര്യ മേഖലയെ അനുവദിച്ചിരുന്നില്ല. ഭാരത് സ്‌മോൾ റിയാക്ടർ നിലവിൽ പരീക്ഷിച്ചിട്ടുണ്ട്. 220 മെഗാവാട്ട് സാന്ദ്രീകരിച്ച ഘനജല റിയാക്ടർ (പി എച്ച് ഡബ്ല്യു ആർ) ആണ് പരീക്ഷിച്ചത്. ഇതിന്റെ 16 യൂനിറ്റുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം യൂനിറ്റുകളാണ് സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ വ്യാപകമായി നിർമിക്കുന്നത്. അതേസമയം, ഇതിന്റെ പാരിസ്ഥിതിക ആഘാതങ്ങളും മറ്റും വരും ദിവസങ്ങളിൽ കൂടുതൽ ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.

---- facebook comment plugin here -----

Latest