Connect with us

From the print

സംസ്ഥാനത്ത് ആണവ നിലയങ്ങൾ; സ്ഥലം കണ്ടെത്താൻ പഠനം ആരംഭിച്ചു

സ്ഥലം കണ്ടെത്തുന്നത് ചീമേനിയിലും അതിരപ്പിള്ളിയിലും • ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കിടയാക്കും

Published

|

Last Updated

കോഴിക്കോട് | വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം നേരിടാൻ ഇതാദ്യമായി സംസ്ഥാനത്ത് രണ്ട് ആണവ നിലയങ്ങൾ സ്ഥാപിക്കാൻ നീക്കം ഊർജിതമാക്കി. കാസർകോട് ചീമേനിയിലും തൃശൂർ അതിരപ്പിള്ളിയിലുമാണ് നിലയങ്ങൾ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഇവിടെ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുന്നതിന് കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷനൽ ഇൻസ്റ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (ബെംഗളൂരു) പഠനം ആരംഭിച്ചു.
220 മെഗാവാട്ട് വീതം സ്ഥാപിത ശേഷിയാണ് ഇരു നിലയങ്ങൾക്കുമുണ്ടാകുക. 7,000 കോടി രുപ വീതം മതിപ്പ് ചെലവ് പ്രതീക്ഷിക്കുന്ന ആണവ നിലയം സ്ഥാപിക്കുന്നതിന് തീരദേശങ്ങളിൽ 625ഉം മറ്റിടങ്ങളിൽ 960ഉം ഹെക്ടർ സ്ഥലം വേണം. ജീവനക്കാർക്ക് താമസിക്കുന്നതിനും അനുബന്ധ സൗകര്യങ്ങൾക്കുമായി ടൗൺഷിപ് നിർമിക്കാൻ 125 ഹെക്ടർ സ്ഥലവും സമീപത്തുതന്നെ ആവശ്യമുണ്ട്.
ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന ആണവ നിലയങ്ങൾ വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നവയുമാണ്.
താരതമ്യേന ചെലവ് കുറഞ്ഞ സൗരോർജവും കാറ്റ്, തിരമാല എന്നിവയിൽ നിന്നുള്ള ഊർജവും ഉപേക്ഷിച്ചാണ് ആണവ നിലയത്തിലേക്ക് നീങ്ങുന്നതെന്നാണ് ആക്ഷേപം.
സോളാർ വൈദ്യുത നിലയങ്ങൾ സ്ഥാപിക്കുന്നതിന് രണ്ട് മുതൽ അഞ്ച് വരെ വർഷം സമയം മതി. എന്നാൽ, ആണവ നിലയങ്ങൾക്ക് അഞ്ച് മുതൽ 20 വർഷം വരെയെടുക്കും. ജനസാന്ദ്രതയുള്ള കേരളം പോലുള്ള സംസ്ഥാനത്തിന് ആണവ നിലയങ്ങൾ ഒട്ടും അഭികാമ്യമല്ല.
ഗുരുതര പ്രത്യാഘാതങ്ങൾക്കിടയാക്കുന്ന ആണവ നിലയങ്ങൾ കഴിഞ്ഞ വർഷം സ്‌പെയിൻ, ജർമനി തുടങ്ങിയ രാജ്യങ്ങൾ അടച്ചുപൂട്ടിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങളാണ് മുഖ്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലയങ്ങളുടെ സമീപത്ത് റേഡിയോ ആക്ടീവ് വികിരണത്തോത് വളരെ കൂടുതലായി കാണാൻ സാധ്യതയുണ്ട്.
പ്രദേശങ്ങളിൽ ക്യാൻസർ രോഗവ്യാപനം, പ്രത്യേകിച്ച് ശ്വാസകോശാർബുദം വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓക്കാനവും ചർദിയും ശരീരത്തിൽ ചുവന്ന് തുടുത്ത പാടുകളും വ്യാപകമാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. തിമിരത്തിന്റെ തോതും ഹൃദയസംബന്ധിയായ അസുഖങ്ങളും വ്യാപകമാകും.
ആണവകേന്ദ്രത്തിന്റെ സമീപ സ്ഥലങ്ങളിൽ താപനില പൊതുവെ ഉയരുകയും വായുവിൽ നീരാവിയുടെ അളവ് വർധിക്കുകയും ചെയ്യുന്നു. വായു മലിനീകരണ തോതും കൂടുതലാണ്. ജല മലിനീകരണം വഴി കൃഷിനാശവും മത്സ്യ ജന്തു ഇതര ജീവജാല നാശവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
റേഡിയോ ആക്ടീവ് മാലിന്യം സൂക്ഷിക്കുന്നത് വളരെ ക്ലേശകരമാണ്. മാലിന്യത്തിൽ നിന്ന് രണ്ട് ലക്ഷം വർഷം വരെ അണുപ്രസരണം ഉണ്ടാകാനിടയുണ്ട്.
ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ആണവ നിലയങ്ങളുടെ സ്ഥാപന പ്രക്രിയ അടിയന്തരമായി ഉപേക്ഷിക്കണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ ആവശ്യം.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest