Kasargod
ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നതാ പ്രദര്‍ശനം; റിപ്പോര്‍ട്ട് കൈമാറി

കാസര്‍കോട് | കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനിടെ ഒരു ഐ ഡിയില്‍ നിന്ന് നഗ്‌നതാ പ്രദര്‍ശനം ഉണ്ടായ സംഭവത്തില്‍ റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിദ്യാഭ്യാസ വകുപ്പിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിരുന്നു. മുഖം മറച്ചാണ് നഗ്‌നത പ്രദര്‍ശിപ്പിച്ചയാള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.
കാസര്‍കോട് ഡി ഡി ഇ. കെ വി പുഷ്പയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സ്‌കൂളിലെത്തി തെളിവെടുത്തു. തുടര്‍ന്ന് പ്രാഥമിക വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറുകയായിരുന്നു. ഓണ്‍ലൈന്‍ ക്ലാസില്‍ സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്.
നഗ്‌നതാ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുകയാണ്. ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ദൃശ്യങ്ങള്‍ വിശദമായി അന്വേഷണ സംഘം പരിശോധിച്ചു.