International
2030ഓടെ ഫ്രാന്‍സില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 30000 ആക്കും; ഇമ്മാനുവല്‍ മാക്രോണ്‍
ഫ്രാന്‍സില്‍ മുന്‍പ് പഠിച്ചിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ സുഗമമാക്കുമെന്നും ഇമ്മാനുവല്‍ മാക്രോണ്‍
ന്യൂഡല്‍ഹി| ഫ്രാന്‍സില്‍ കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. രാജ്യത്തിന്റെ 75ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതാണ് ഫ്രഞ്ച് പ്രസിഡന്റ്. 2030ഓടെ ഫ്രാന്‍സില്‍ 30,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് അവസരം നല്‍കുമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഇക്കാര്യം യാഥാര്‍ഥ്യമാക്കാന്‍ പരമാവധി പരിശ്രമിക്കുമെന്നും മാക്രോണ്‍ എക്‌സിലൂടെ വ്യക്തമാക്കി.
ഫ്രഞ്ച് ഭാഷ അറിയാത്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി രാജ്യത്തെ സര്‍വകലാശാലകളില്‍ അന്താരാഷ്ട്ര ക്ലാസുകള്‍ സ്ഥാപിക്കും. ഫ്രാന്‍സില്‍ പഠിച്ച മുന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ സുഗമമാക്കുമെന്നും ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. വ്യാഴാഴ്ച ജയ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഇമ്മാനുവല്‍ മാക്രോണ്‍ റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു.