Connect with us

karipur airport

യാത്രക്കാരുടെ എണ്ണം; മെട്രോ നഗരങ്ങളെ പിന്തള്ളി കരിപ്പൂരിന് നാലാം സ്ഥാനം

കൊച്ചി വിമാനത്താവളം മൂന്നാമത്

Published

|

Last Updated

കൊണ്ടോട്ടി | കൊവിഡ് കാലത്തും ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ വിമാനത്താവളങ്ങളെ പിന്തള്ളി അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ കരിപ്പൂരിന് നാലാം സ്ഥാനം. കേരളത്തിൽ രണ്ടാം സ്ഥാനവും. ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, ലക്‌നൗ എന്നീ വൻകിട വിമാനത്താവളങ്ങളെ പിന്തള്ളിയാണ് കരിപ്പൂർ നാലാം സ്ഥാനം കരസ്ഥമാക്കിയത്.
തിരുവനന്തപുരവും കണ്ണൂരും കരിപ്പൂരിന് പിന്നിലാണ്. രാജ്യത്തെ 10 വിമാനത്താവളങ്ങളിലെ കണക്കെടുപ്പിലാണ് കരിപ്പൂരിന് നാലാം സ്ഥാനം.

കഴിഞ്ഞ നവംബർ മാസത്തെ യാത്രക്കാരുടെ എണ്ണത്തിലാണ് കരിപ്പൂർ നാലാം സ്ഥാനത്തിനർഹമായത്. 1,19,207 യാത്രക്കാരാണ് കരിപ്പൂരിലെത്തിയത്. ഡൽഹി വിമാനത്താവളത്തിനാണ് ഒന്നാം സ്ഥാനം. 4,61,495 യാത്രക്കാർ. രണ്ടും മൂന്നും സ്ഥാനം യഥാക്രമം മുംബൈ, കൊച്ചി വിമാനത്താവളങ്ങൾക്കാണ്. മുംബൈയിൽ 2,34,963ഉം കൊച്ചിയിൽ 1,93,834 യാത്രക്കാരുമാണ് എത്തിയത്.

മറ്റ് വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണം ബ്രാക്കറ്റിൽ: ചെന്നൈ(1,17,302), ഹൈദരാബാദ് (1,15, 100), തിരുവനന്തപുരം (85,516), െബംഗളൂരു (85,516) കണ്ണൂർ (50,599), ലക്നൗ (48,629). പത്ത് വിമാനത്താവളങ്ങളിലെ കണക്കെടുത്തതിൽ ഏറ്റവും പിന്നിലാണ് ലക്നൗ വിമാനത്താവളം
കരിപ്പൂരിൽ വലിയ വിമാനങ്ങളെ ഒഴിവാക്കിയിട്ടും ഇടത്തരം വിമാനങ്ങൾ മാത്രം സർവീസ് നടത്തിയിട്ടും നാലാം സ്ഥാനം ലഭിക്കുകയെന്നത് വലിയ നേട്ടമാണ്. വലിയ വിമാനങ്ങൾക്ക് അനുമതിയുണ്ടായിരുന്നെങ്കിൽ രണ്ടോ മൂന്നോ സ്ഥാനം കരിപ്പൂരിന് ലഭിക്കുമായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന വിമാനത്താവളങ്ങളിലും കരിപ്പൂർ ആദ്യത്തെ അഞ്ചെണ്ണത്തിൽ ഉൾപ്പെടും.

Latest