Kerala
ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസ്; വിധി ജനുവരി 14ന്
കോട്ടയം | ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡന കേസില്‍ വിചാരണ പൂര്‍ത്തിയായി. കേസില്‍ ജനുവരി 14 ന് വിധി പറയും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. 2019 ഏപ്രില്‍ നാലിന് കുറ്റപത്രം സമര്‍പ്പിച്ച് നവംബറില്‍ വിചാരണ തുടങ്ങിയ കേസിലാണ് വിധി പറയുന്നത്. കേസിലെ 83 സാക്ഷികളില്‍ 39 പേരെ വിസ്തരിച്ചു. സാക്ഷിപ്പട്ടികയില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ്പുമാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍ എന്നിവരും ഉണ്ടായിരുന്നു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജിതേഷ് ജെ ബാബു, അഡ്വ. സുബിന്‍ കെ വര്‍ഗീസ് പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ ഹാജരായി. അഭിഭാഷകരായ കെ രാമന്‍പിള്ള, സി എസ് അജയന്‍ എന്നിവര്‍ പ്രതിഭാഗത്തിന് വേണ്ടിയും ഹാജരായി.
ഒരു വര്‍ഷം കഠിന തടവും പിഴയും ശിക്ഷയും വരുന്ന അന്യായമായി തടഞ്ഞുവെക്കല്‍ (342), അഞ്ചു മുതല്‍ 10 വര്‍ഷം വരെ കഠിന തടവു വരുന്ന അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക ദുരുപയോഗം (376 (സി)(എ), പത്തു വര്‍ഷത്തില്‍ കുറയാത്ത തടവും ജീവപര്യന്തം വരെ തടവും പിഴയും വരുന്ന പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം (377), ഏഴു വര്‍ഷം കഠിന തടവ് ലഭിക്കാവുന്ന ഭീഷണിപ്പെടുത്തല്‍ (506(1), പത്തു വര്‍ഷത്തില്‍ കുറയാത്ത തടവും ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വരാവുന്ന, മേലധികാരം ഉപയോഗിച്ചു തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, (376(2)(കെ), പത്തു വര്‍ഷത്തില്‍ കുറയാത്ത തടവു മുതല്‍ ജീവിതാവസാനം വരെ ജീവപര്യന്തം തടവും പിഴയും ശിക്ഷ വരുന്ന ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ചു തുടര്‍ച്ചയായി ബലാത്സംഗം ചെയ്യല്‍ (376(2)(എന്‍), ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന സ്ത്രീത്വത്തെ അപമാനിക്കല്‍ (354) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബിഷപ്പിനെ വിചാരണ ചെയ്തത്.