Connect with us

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സിന് മര്‍ദനമേറ്റ സംഭവം: 28ാം വാര്‍ഡിനെക്കുറിച്ച് പരാതിയുമായി കൂട്ടിരിപ്പുകാര്‍

ഇരുനൂറിലേറെ രോഗികളാണ് ഈ വാര്‍ഡിലുള്ളത്.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സിന് മര്‍ദനമേറ്റ 28ാം വാര്‍ഡിനെക്കുറിച്ച് പരാതിയുമായി രോഗികളുടെ കൂട്ടിരിപ്പുകാര്‍. അറ്റകുറ്റപ്പണികള്‍ക്കായി അടച്ച് പൂട്ടിയ നാല് വാര്‍ഡുകളില്‍ നിന്നുള്ള രോഗികളെ കൂട്ടത്തോടെ കിടത്തിയിരിക്കുന്നതുകൊണ്ട് വാര്‍ഡില്‍ രോഗികള്‍ക്ക് കിടക്കാന്‍ പോലും സ്ഥലമില്ലെന്നാണ് പരാതി. നഴ്‌സുമാര്‍ക്കും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഒരുപോലെ ദുരിതമാണെന്നതാണ് 28ാം വാര്‍ഡിലെ സ്ഥിതി. ഇരുനൂറിലേറെ രോഗികളാണ് ഈ വാര്‍ഡിലുള്ളത്. ഒരു കട്ടിലില്‍ തന്നെ രണ്ട് പേരെ വരെ കിടത്തിയിട്ടുണ്ട്. നിലത്ത് കിടക്കാനും കഴിയാത്ത അവസ്ഥയാണ് വാര്‍ഡിലുള്ളതെന്നും രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നു.

രോഗികള്‍ തിങ്ങി കിടക്കുന്ന ഇരുപത്തിയെട്ടാം വാര്‍ഡില്‍ നിന്നാണ് നഴ്‌സ് പ്രസീതക്ക് രോഗിയുടെ കൂട്ടിരിപ്പുകാരനില്‍ നിന്ന് മര്‍ദനമേറ്റത്. രോഗിക്ക് ചികിത്സ നല്‍കാന്‍ വൈകിയെന്നാരോപിച്ചായിരുന്നു കൂട്ടിരിപ്പുകാരനായ പൂവാര്‍ സ്വദേശി അനു, പ്രസീതയെ മര്‍ദിച്ചത്. നഴ്‌സുമാരുടെ സുരക്ഷ ശക്തമാക്കണമെന്ന് സംഭവത്തില്‍ പ്രതിഷേധിച്ച നഴ്‌സസ് സംഘടകള്‍ ആവശ്യപ്പെട്ടു. നഴ്‌സസ് സംഘടനകള്‍ ഒന്നിച്ചിറങ്ങിയാണ് ഇന്ന് മെഡിക്കല്‍ കോളജില്‍ പ്രതിഷേധിച്ചത്.