Kerala
തൃശൂര്‍ ജില്ലയില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ പണിമുടക്കി
ദിവസ വേതനം 1500 രൂപയാക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് സമരം
തൃശൂര്‍| ശമ്പള പരിഷ്‌കരണമടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് തൃശൂര്‍ ജില്ലയില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ പണിമുടക്കി സൂചനാ സമരം നടത്തി. ദൈനംദിന വേതനം 1500 രൂപയാക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് സമരം. ഈ മാസം പത്തിന് ഹൈക്കോടതി നിര്‍ദേശാനുസരണം ചേരുന്ന ചര്‍ച്ചയില്‍ മാനേജ്മെന്റുകള്‍ അനുഭാവപൂര്‍ണമായ നിലപാട് എടുത്തില്ലെങ്കില്‍ പണിമുടക്ക് സംസ്ഥാന വ്യാപകമാക്കുമെന്ന് യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ പറഞ്ഞു. അഞ്ച് വര്‍ഷമായിട്ടും വേതന പരിഷ്‌കരണം നടപ്പാക്കാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് തൃശൂരില്‍ നഴ്സുമാര്‍ പണിമുടക്കി കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.
മിനിമം വേതനം പരിഷ്‌കരിക്കേണ്ട കാലാവധി മൂന്ന് വര്‍ഷമെന്നിരിക്കെ മാനേജ്മെന്റുകള്‍ അനുഭാവപൂര്‍ണമായ നടപടിയെടുക്കുന്നില്ലെന്നാണ് യുഎന്‍എയുടെ ആരോപണം. ലേബര്‍ ഓഫീസര്‍ വിളിക്കുന്ന ചര്‍ച്ചയ്ക്ക് പോലും മാനേജ്മെന്റ് പ്രതിനിധികള്‍ പങ്കെടുക്കുന്നില്ല. കൊവിഡ് മഹാമാരിക്കാലത്ത് സകലമേഖലയിലും സ്തംഭനാവസ്ഥവന്നപ്പോള്‍ ലാഭമുണ്ടാക്കിയ മേഖല സ്വകാര്യ ആശുപത്രികളാണ്. എന്നിട്ട് പോലും നഴ്സുമാരുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുന്നില്ലെന്നും യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ കുറ്റപ്പെടുത്തി. പത്തിന് നടക്കുന്ന ചര്‍ച്ചയില്‍ മാനേജ്മെന്റുകള്‍ അനുഭാവപൂര്‍ണമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ കേരളമാകെ സമരം വ്യാപിപ്പിക്കും. 2016ല്‍ തൃശൂരില്‍ നിന്ന് തുടങ്ങിയ സമരത്തിന്റെ തുടര്‍ച്ചായാകും ഇതെന്നും ജാസ്മിന്‍ഷാ വ്യക്തമാക്കി. ഇന്ന് ഒപി, ഐപി, അത്യാഹിത വിഭാഗം എന്നിവയെ ബാധിക്കാത്ത വിധത്തിലായിരുന്നു നഴ്സുമാരുടെ സമരം. കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ യുഎന്‍എ പ്രവര്‍ത്തകര്‍ നടത്തിയ ധര്‍ണ ജാസ്മിന്‍ഷാ ഉദ്ഘാടനം ചെയ്തു.