Kerala
നഴ്‌സിങ് കോളജ് റാഗിങ്: സസ്‌പെന്‍ഷനില്‍ ഒതുക്കില്ല; കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി
കുട്ടികളെ പുറത്താക്കുന്നതിനെ കുറിച്ച് തന്നെയാണ് ആലോചിക്കുന്നത്. റാഗിങ് നടന്നത് അറിഞ്ഞില്ലെന്ന സ്‌കൂള്‍ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ല.

തിരുവനന്തപുരം | കോട്ടയത്തെ നഴ്‌സിങ് കോളജില്‍ റാഗിങ് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സസ്‌പെന്‍ഷനില്‍ ഒതുക്കാതെ പ്രതികളായ കുട്ടികളെ പുറത്താക്കുന്നതിനെ കുറിച്ച് തന്നെയാണ് ആലോചിക്കുന്നത്. അതിക്രൂരമായ റാഗിങാണ് നടന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ദൃശ്യത്തിന്റെ ആദ്യ സെക്കന്‍ഡുകള്‍ കാണുമ്പോള്‍ തന്നെ അതിക്രൂരമാണ്. വീഡിയോ മുഴുവന്‍ കാണാന്‍ പോലും കഴിഞ്ഞില്ലെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേ വീണാ ജോര്‍ജ് പറഞ്ഞു.
റാഗിങ് നടന്നത് അറിഞ്ഞില്ലെന്ന സ്‌കൂള്‍ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ലെന്നും മന്ത്രി പ്രതികരിച്ചു. സി സി ടി വി ക്യാമറകള്‍ ഉള്‍പ്പെടെ കോറിഡോറില്‍ ഉണ്ടായിട്ടും അറിഞ്ഞില്ല എന്നുപറയുന്നത് വിശ്വസിക്കാനാകില്ല. സീനിയര്‍ വിദ്യാര്‍ഥികള്‍ എന്തിനാണ് ജൂനിയര്‍ വിദ്യാര്‍ഥികളുടെ മുറിയില്‍ ഇടക്കിടെ പോയത്. മൂന്നു മാസത്തോളമാണ് പീഡനമുണ്ടായതെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, പിറന്നാള്‍ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ വിദ്യാര്‍ഥിയെ ക്രൂരമായി ഉപദ്രവിച്ചതെന്ന് പോലീസ് പറഞ്ഞു. മദ്യം വാങ്ങാന്‍ വിദ്യാര്‍ഥിയോട് പ്രതികള്‍ പണം ആവശ്യപ്പെട്ടിരുന്നെങ്കിലും കൊടുക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് ക്രൂരമായ പീഡനത്തിന് വിധേയനാക്കിയത്. ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.