prathivaram health
മുലയൂട്ടുന്ന അമ്മമാർ ശ്രദ്ധിക്കുക
കുഞ്ഞിന് ശരിയായും കൃത്യമായ ഇടവേളകളിലും മുലയൂട്ടുന്നതിന് ഒരു അമ്മക്ക് കുടുംബാംഗങ്ങളുടെ പിന്തുണ അനിവാര്യമാണ്. ജോലി ചെയ്യുന്ന അമ്മമാർക്ക് ജോലിസ്ഥലത്തും മറ്റു പൊതു ഇടങ്ങളിലും മുലയൂട്ടാനുള്ള സ്ഥലവും സ്വകാര്യ ചുറ്റുപാടുമൊരുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.ഇത് ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ അനിവാര്യമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

കുട്ടികളുടെ ആരോഗ്യത്തിൽ മുലയൂട്ടലിന്റെ പ്രസക്തി, ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി, പതിവുപോലെ, ഈ വർഷവും ആഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ ലോക മുലയൂട്ടൽ വാരമായി ലോകാരോഗ്യ സംഘടന ആചരിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ചില നുറുങ്ങുകൾ ചുവടെ:
- മുലപ്പാൽ നവജാതശിശുവിന്റെ ഉത്തമ ആഹാരം. കുഞ്ഞു ജനിച്ച് ആദ്യത്തെ ആറ് മാസം മുലപ്പാൽ മാത്രം നൽകുക.
- ജനിച്ച് ഒരു മണിക്കൂറിനകം അമ്മ കുഞ്ഞിന് മുലപ്പാൽ നൽകിത്തുടങ്ങണം.
- പ്രസവത്തിനുശേഷം ആദ്യത്തെ രണ്ട് മുതൽ അഞ്ച് ദിവസം വരെ അമ്മ ചുരത്തുന്ന മഞ്ഞ നിറത്തിലുള്ള ദ്രാവകം “കൊളസ്ട്രം’ തീർച്ചയായും കുഞ്ഞിന് നൽകണം.ഇത് ഔഷധ സമാനമാണ്.
- മുലയൂട്ടുന്ന അമ്മയുടെ ആഹാരം സമീകൃതവും പോഷകസമൃദ്ധവും ആകണം.
- തവിടോടുകൂടിയ ധാന്യങ്ങളും പയറു പരിപ്പ് വർഗങ്ങളും മുട്ട, മീൻ, ഇറച്ചി, പഴവർഗങ്ങളും പച്ചക്കറികളും അണ്ടിപ്പരിപ്പും പാലും പാലുത്പന്നങ്ങളും കൂടിയ പോഷക സമൃദ്ധമായ ആഹാരം മുലയൂട്ടുന്ന അമ്മമാർ കഴിക്കണം.
- അമ്മ ധാരാളം വെള്ളവും ആരോഗ്യദായക പാനീയങ്ങളായ കരിക്കിൻ വെള്ളം, പച്ചക്കറി സൂപ്പുകൾ, മോരിൻ വെള്ളം എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് പാൽ ഉത്പാദനത്തിന് സഹായിക്കുന്നു.
- പാൽ ഉത്പാദനത്തിന്, മുളപ്പിച്ച പയർ, വെളുത്തുള്ളി ചെറുമത്സ്യങ്ങൾ, പാൽ, ഉലുവ, ചുക്ക്, കരിപ്പെട്ടി, നെയ്യ് എന്നിവ കൂടുതലായി അമ്മയുടെ ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
- ഡിമാൻഡ് ഫീഡിംഗ് അഥവാ കുഞ്ഞിന് ആവശ്യാനുസരണം മുലപ്പാൽ നൽകുന്നതാണ് ഉത്തമം. പാൽ കുടിച്ചതിനുശേഷം കുഞ്ഞ് ഒന്നോ രണ്ടോ മണിക്കൂർ നന്നായി ഉറങ്ങുന്നതും ദിവസേന പലതവണ മൂത്രമൊഴിക്കുന്നതുമെല്ലാം കുഞ്ഞിന് മുലപ്പാൽ മതിയാകുന്നു എന്നതിന്റെ ലക്ഷണങ്ങളാണ്.
- കുഞ്ഞിന്റെ ശരീരഭാരം ക്രമേണ വർധിക്കുന്നതും മുലപ്പാൽ മതിയായ അളവിൽ കിട്ടുന്നു എന്ന് ഉറപ്പുവരുത്തുന്ന ഒരു സൂചകമാണ്. ജനനസമയത്തുള്ള ഭാരം അഞ്ചുമാസം ആകുമ്പോൾ ഇരട്ടിയാകുകയും ഒരു വയസ്സിൽ മൂന്നിരട്ടിയാകുകയും ചെയ്യുന്നത് ശരീരഭാരം ക്രമേണയും ശരിയായ രീതിയിലും കൂടുന്ന നിരക്കായി കണക്കാക്കാം.
- അമ്മയുടെ പാൽ കുഞ്ഞിന്റെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചക്ക് അത്യുത്തമമാണ്. രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനും പലതരം ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്താനും അമിതവണ്ണം തടയാനും സഹായിക്കുന്നു.
- മുലപ്പാൽ നൽകുന്നത് അമ്മക്കും ഒട്ടേറെ ഗുണങ്ങൾ ചെയ്യുന്നുണ്ട്. ശരീരഭാരം പൂർവസ്ഥിതിയിലാകാനും ആഹാരവടിവിനും ഹോർമോൺ സന്തുലിതാവസ്ഥക്കും കൂടാതെ സ്തനാർബുദത്തെ ഒരു പരിധിവരെ തടയാനുമുതകുന്നു.
“അമ്മിഞ്ഞ പാലിന് തുല്യം ഈ ലോകത്ത് മറ്റൊന്നില്ല. ‘ഈ വർഷത്തെ ലോക മുലയൂട്ടൽ വാരത്തിന്റെ തീം “നികത്താം വിടവുകൾ; ഏവർക്കും മുലയൂട്ടൽ പിന്തുണക്കായി’ എന്നതാണ്. കുഞ്ഞിന് ശരിയായും കൃത്യമായ ഇടവേളകളിലും മുലയൂട്ടുന്നതിന് ഒരു അമ്മക്ക് കുടുംബാംഗങ്ങളുടെ പിന്തുണ അനിവാര്യമാണ്.
ജോലിചെയ്യുന്ന അമ്മമാർക്ക് ജോലിസ്ഥലത്തും മറ്റു പൊതു ഇടങ്ങളിലും മുലയൂട്ടാനുള്ള സ്ഥലവും സ്വകാര്യ ചുറ്റുപാടുമൊരുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഇത് ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ അനിവാര്യമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതിനാൽ അമ്മമാരേ, അഭിമാനത്തോടെയും ലോകാരോഗ്യത്തിന് എന്റെ പങ്ക് എന്ന നിർവൃതിയിലുമാവട്ടെ നിങ്ങളുടെ മുലയൂട്ടൽ!