Connect with us

Kerala

നഴ്സിംഗ് വിദ്യാര്‍ഥിയുടെ മരണം: സഹപാഠികളെ റിമാന്‍ഡ് ചെയ്തു

പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ ടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് പത്തനംതിട്ട കോടതി റിമാന്‍ഡ് ചെയ്തത്.

Published

|

Last Updated

പത്തനംതിട്ട | ചുട്ടിപ്പാറ സി പാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് കോളജിലെ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ സഹപാഠികളായ മൂന്നു പേര്‍ റിമാന്‍ഡില്‍. നാലാം വര്‍ഷ ബി എസ് സി നഴ്സിങ് വിദ്യാര്‍ഥിനി അമ്മു എ സജീവ് (22) ജീവനൊടുക്കിയ സംഭവത്തിലാണ് പോലീസ് നടപടി. കൊല്ലം പത്തനാപുരം കുണ്ടയം, കൊഴുവക്കാട് വടക്കേതില്‍ അലീന ദിലീപ് (22), കോട്ടയം വാഴപ്പള്ളി തുരുത്തി തകിടിയേല്‍ ഹൗസില്‍ എ ടി ആഷിത (22), കോട്ടയം അയര്‍ക്കുന്നം, കൊങ്ങാട്ടൂര്‍ വാലുമേല്‍ കുന്നേല്‍ വീട്ടില്‍ അഞ്ജന മധു (22) എന്നിവരെയാണ് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊട്ടാരക്കര സബ് ജയിലിലേക്ക് വിട്ടത്.

ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി വ്യാഴാഴ്ച വൈകീട്ട് പത്തനംതിട്ട ഡി വൈ എസ് പി. എസ് നന്ദകുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇക്കഴിഞ്ഞ 15ന് വൈകിട്ട് അഞ്ചിനാണ് ജില്ലാ പോലീസ് മേധാവിയുടെ സമീപത്തുള്ള എന്‍ എസ് എസ് വര്‍ക്കിങ് വ്യുമന്‍സ് ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ നിന്നും അമ്മു താഴേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ അമ്മുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് 6.45 ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ഒമ്പതോടെ മരണപ്പെടുകയായിരുന്നു.

അസ്വാഭാവിക മരണത്തിന് കേസെടുത്ത് പത്തനംതിട്ട പോലീസ് അന്വേഷണം നടത്തിവരികയാണ്. ശാസ്ത്രീയ അന്വേഷകര്‍, വിരലടയാള വിദഗ്ധര്‍, പോലീസ് ഫോട്ടോഗ്രാഫര്‍ എന്നിവരുടെ സംഘം സ്ഥലത്ത് വിശദമായ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. ഹോസ്റ്റലിലെ സി സി ടി വി യുടെ ഹാര്‍ഡ് ഡിസ്‌ക് ശാസ്ത്രീയ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. അമ്മുവിന്റെ മുറിയില്‍ നിന്നും നോട്ട് ബുക്ക്, മൊബൈല്‍ ഫോണ്‍ എന്നിവയും കണ്ടെടുത്തു. ബുക്കില്‍ പ്രതികളുടെ ഭാഗത്ത് നിന്നുണ്ടായ ദുരനുഭവങ്ങളും മറ്റും രേഖപ്പെടുത്തിയതായും, ഉപദ്രവം തുടര്‍ന്നാല്‍ നിയമനടപടികള്‍ക്ക് നിര്‍ബന്ധിതയാകും എന്നെഴുതിയതായും പോലീസ് കണ്ടെത്തി.

പ്രതികള്‍ക്കെതിരെ അമ്മുവിന്റെ പിതാവ് കോളജ് പ്രിന്‍സിപ്പലിന് അയച്ച പരാതിയും, കോളജ് അധികൃതര്‍ സ്വീകരിച്ച നടപടികളുടെ രേഖകളും കണ്ടെടുത്തു. ആരോപണവിധേയര്‍ക്ക് ലഭിച്ച മെമ്മോയും അവയ്ക്ക് അവര്‍ നല്‍കിയ മറുപടികളും കോളജ് അധികൃതര്‍ക്ക് അമ്മു ഒപ്പിട്ടു ല്‍കിയ മൊഴിയും പോലീസ് ശേഖരിച്ചിരുന്നു. മാനസിക പീഡനവും ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതും അമ്മു അതില്‍ പറയുന്നുണ്ട്. സഹപാഠികളുടെ മാനസിക പീഡനം മരണകാരണമായിട്ടുണ്ട് എന്ന് കണ്ടെത്തിയതിയതായി പോലീസ് പറയുന്നു. തുടര്‍ന്ന്, കേസിന്റെ വകുപ്പ് മാറ്റി ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുകയായിരുന്നു.