Connect with us

From the print

നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണം: അന്വേഷണത്തിന് ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം

കോളജ് പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും മൊഴിയെടുത്തു.

Published

|

Last Updated

പത്തനംതിട്ട | നഴ്സിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണു മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കി. ചുട്ടിപ്പാറ സീപാസ് നഴ്സിംഗ് കോളജിലെ നാലാം വര്‍ഷ ബി എസ്്‌സി നഴ്‌സിംഗ് വിദ്യാര്‍ഥിനി തിരുവനന്തപുരം അയിരൂപ്പാറ രാമപുരത്തുപൊയ്കയില്‍ ശിവം വീട്ടില്‍ സജീവിന്റെ മകള്‍ അമ്മു എ സജീവ് (21) ആണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളില്‍നിന്ന് വീണു മരിച്ചത്.

സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും മൊഴിയെടുത്തു. പത്തനംതിട്ട പോലീസാണ് മൊഴിയെടുത്തത്. അമ്മുവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. സഹപാഠികളില്‍ ചിലരുടെ മാനസികവും ശാരീരികവുമായ പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ചയില്ലെന്ന നിലപാടിലാണ് കോളജ് അധികൃതര്‍. സഹപാഠികള്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന അമ്മുവിന്റെ പിതാവിന്റെ പരാതി ലഭിച്ചിരുന്നുവെന്നും അതിന്മേല്‍ അന്വേഷണം നടത്തി ആരോപണ വിധേയരായ മൂന്ന് കുട്ടികള്‍ക്ക് മെമ്മോ നല്‍കിയിരുന്നുവെന്നും പ്രിന്‍സിപ്പല്‍ അബ്ദുസ്സലാം പറഞ്ഞു. ഇവര്‍ അമ്മുവിന്റെ സുഹൃത്തുക്കളായിരുന്നു. ഒക്ടോബര്‍ 27 ഞായറാഴ്ചയാണ് അമ്മുവിന്റെ പിതാവ് സജീവിന്റെ പരാതി ലഭിക്കുന്നത്. 28ന് രാവിലെ 9.30ന് തന്നെ നാലുപേരെയും വിളിപ്പിച്ചു വരുത്തി. ഒരു പ്രശ്നവുമില്ലെന്ന് എഴുതി നല്‍കിയാണ് അവര്‍ മടങ്ങിയത്. ഇതില്‍ ഒരു കുട്ടിയുടെ ലോഗ് ബുക്ക് കാണാനില്ലെന്ന് കഴിഞ്ഞ ഏഴിന് പരാതി ലഭിച്ചിരുന്നുവെന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആരോപണ വിധേയരായ വിദ്യാര്‍ഥിനികളെയും അടുത്ത ദിവസം പോലീസ് ചോദ്യം ചെയ്യും. മൂന്ന് വിദ്യാര്‍ഥികളും ഇപ്പോള്‍ അവരുടെ വീടുകളിലാണ്. രക്ഷിതാക്കളുടെ അനുമതി വാങ്ങി അവരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. അമ്മുവിന്റെ മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനക്ക് നല്‍കും.

അതിനിടെ, കോളജ് പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് എ ബി വി പി നഴ്സിംഗ് കോളജിലേക്ക് മാര്‍ച്ച് നടത്തി. കോളജ് കവാടത്തില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു.