Kerala
നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണം; അറസ്റ്റിലായ സഹപാഠികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു
ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കഴിഞ്ഞ ദിവസം മൂന്ന് പേരെ അറസ്റ്റ് ചെയ്തത്
പത്തനംതിട്ട | നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ അറസ്റ്റിലായ സഹപാഠികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. 27 വരെ പോലീസ് കസ്റ്റഡി അനുവദിച്ചാണ് പത്തനംതിട്ട ജുഡീഷണല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.
നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കഴിഞ്ഞ ദിവസം മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. അമ്മു മൂന്നു പേരില്‍ നിന്ന് നിരന്തരം മാനസിക പീഡനം നേരിട്ടിരുന്നു എന്ന കുടുംബത്തിന്റെ പരാതിയില്‍ പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
അമ്മുവിന്റെ മരണത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമായതിന് പിന്നാലെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മൂന്ന് സഹപാഠികളെ അറസ്റ്റ് ചെയ്തത്. നേരത്തെ പ്രതികളും അമ്മുമായുള്ള തര്‍ക്കത്തില്‍ കോളജ് നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് പ്രതികള്‍ക്കെതിരായി. സഹപാഠികള്‍ക്കെതിരെ അമ്മു കോളജ് പ്രിന്‍സിപ്പലിന് നല്‍കിയ കുറിപ്പും കേസിന്റെ ഭാഗമാക്കി.
അമ്മു ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും ആവര്‍ത്തിക്കുകയാണ് കുടുംബം. കുടുംബം ഉന്നയിക്കുന്ന ചികിത്സാ പിഴവടക്കമുള്ള ആരോപണങ്ങളില്‍ ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ് എം ഇ കോളജിലെ അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിയായിരുന്ന അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്.