Connect with us

Kerala

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം; കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പ്രാഥമിക നിഗമനം

സഹപാഠികളായ മൂന്നു പെണ്‍കുട്ടികള്‍ അമ്മുവിനെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പിതാവ് സജീവ് നേരത്തേ തന്നെ നഴ്സിങ് കോളജ് പ്രിന്‍സിപ്പലിനു പരാതി നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു.

Published

|

Last Updated

പത്തനംതിട്ട |  ചുട്ടിപ്പാറ എസ് എം ഇ നഴ്സിങ് കോളജിലെ ബി എസ് സി നഴ്സിങ് അവസാന വര്‍ഷ വിദ്യാര്‍ഥിനി തിരുവനന്തപുരം സ്വദേശി അമ്മു എ സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പ്രാഥമിക നിഗമനം. വെളളിയാഴ്ച രാത്രി ഏഴിനാണ് വെട്ടിപ്രത്തുള്ള സ്വകാര്യ ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ നിന്നു വീണ നിലയില്‍ അമ്മു സജീവിനെ സഹപാഠികള്‍ കണ്ടെത്തുന്നത്.

ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട പോലീസ് പ്രാഥമികാന്വേഷണം നടത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

സഹപാഠികളായ മൂന്നു പെണ്‍കുട്ടികള്‍ അമ്മുവിനെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പിതാവ് സജീവ് നേരത്തേ തന്നെ നഴ്സിങ് കോളജ് പ്രിന്‍സിപ്പലിനു പരാതി നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. ഇവരുടെ മാനസിക പീഡനം കാരണം അമ്മുവിന്റെ ജീവന് വരെ ഭീഷണിയുണ്ടെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. പിതാവ് സജീവ് നേരിട്ട് കോളജിലെത്തിയാണ് പരാതി നല്‍കിയിരുന്നത്.

മൈഗ്രേന്‍ പോലുളള ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം വലഞ്ഞിരുന്ന അമ്മുവിനെ ആ സമയം സഹപാഠികളായ മൂന്നു കുട്ടികള്‍ പല രീതിയില്‍ ശല്യപ്പെടുത്തിയിരുന്നു. കോളജില്‍ നിന്നുളള സ്റ്റഡി ടൂറിന് പോകാന്‍ തയാറാകാതിരുന്ന അമ്മുവിനെ ടൂര്‍ കോ-ഓര്‍ഡിനേറ്ററാക്കി ചുമതലപ്പെടുത്തി. പ്രഖ്യാപനം വരുമ്പോഴാണ് അമ്മു ഇക്കാര്യം അറിഞ്ഞതെന്നും പിതാവിന്റെ പരാതിയിലുണ്ട്.

ഹോസ്റ്റലിലെ അമ്മുവിന്റെ മുറിയില്‍ പോലീസ് പരിശോധന നടത്തി. ഡയറിയില്‍ ‘ഐ ക്വിറ്റ്’ എന്നൊരു വാചകം  എഴുതിയതായി കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണും കണ്ടെടുത്തു. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് തുടരന്വേഷണം നടത്തുന്നത്.

Latest