Kerala
നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം: സഹപാഠികളായ മൂന്ന് പേര്‍ അറസ്റ്റില്‍; ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി
അമ്മുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ്
പത്തനംതിട്ട | നഴ്സിങ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണത്തില്‍ സഹപാഠികളായ മൂന്ന് വിദ്യാര്‍ഥിനികള്‍ അറസ്റ്റില്‍. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ ടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നല്‍കിയിരുന്നു.
അതേസമയം, അമ്മുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ അവസാന വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിക്കുന്നത്.
സഹപാഠികളായ വിദ്യാര്‍ത്ഥിനികളും അമ്മു സജീവനുമായി ഉണ്ടായിരുന്ന പ്രശ്നത്തില്‍ പരാതി നല്‍കിയിട്ടും ഇടപെടാനോ പരിഹരിക്കാനോ കോളജ് അധികൃതര്‍ ശ്രമിച്ചില്ലെന്ന് ആരോപണമുണ്ട്.
അമ്മുവിന്റെ സഹോദരന്‍ അഖിലിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ പത്തനംതിട്ട പൊലീസ് മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. അമ്മുവിന്റെ മരണം ആത്മഹത്യയെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ്.