Kerala
നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം; മാതാവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു
വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
കാസര്‍കോട്| മന്‍സൂര്‍ ആശുപത്രി നഴ്‌സിംഗ് കോളജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമത്തില്‍ മാതാവിന്റെ പരാതിയില്‍ ഹോസ്റ്റല്‍ വാര്‍ഡനെതിരെ കേസ്. ഹൊസ്ദുര്‍ഗ് പോലീസാണ് കേസെടുത്തത്. വിദ്യാര്‍ത്ഥിയെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന് മാതാവ് പരാതി നല്‍കിയതിയതിനെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. വിഷയത്തില്‍ ജില്ലാ പോലീസ് മേധാവിയോട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. വനിതാ കമ്മീഷന്‍ അംഗം കുഞ്ഞായിഷ ഇന്ന് ഹോസ്റ്റലില്‍ എത്തി വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തു. ചികിത്സയില്‍ കഴിയുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥി ചൈതന്യയുടെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും അപകട നില തരണം ചെയ്തിട്ടില്ല. വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഇന്നലെ കാഞ്ഞങ്ങാട് ഡിവൈഎസ്പി വിളിച്ച ചര്‍ച്ചയില്‍ ചൈതന്യയെ ആശുപത്രിയില്ലെത്തി സന്ദര്‍ശിക്കാന്‍ സഹപാഠികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇന്ന് എട്ട് വിദ്യാര്‍ത്ഥികള്‍ ചൈതന്യയെ ആശുപത്രിയില്ലെത്തി സന്ദര്‍ശിക്കും. വിദ്യാര്‍ത്ഥിയുടെ ആരോഗ്യസ്ഥിതി നേരിട്ട് ബോധ്യപ്പെടുന്നതിനാണിത്.
അതേസമയം മന്‍സൂര്‍ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.