Kerala
നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം; ചികില്‍സ നല്‍കുന്നതില്‍ കാലതാമസം വരുത്തി: ആശുപത്രി അധികൃതര്‍ക്കെതിരെ കേസ്
നടപടി പിതാവിന്റെ പരാതിയില്‍
പത്തനംതിട്ട | നഴ്സിങ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ചികില്‍സ നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരേ പോലീസ് കേസെടുത്തത്.അമ്മുവിന്‍റെ പിതാവിന്‍റെ പരാതിയിലാണ് നടപടിയുണ്ടായിരിക്കുന്നത്.
നവംബര്‍ 15 ന് വൈകിട്ട് 5.20 ന് ജനറല്‍ ആശുപത്രി കാഷ്വാലിറ്റിയില്‍ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടര്‍, ഓര്‍ത്തോ ഡോക്ടര്‍, സ്റ്റാഫ് എന്നിവര്‍ക്കെതിരേയാണ് കേസ്.
അതേസമയം അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജ് പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനും നേരത്തെ സസ്‌പെന്‍ഷന്‍ നല്‍കിയിരുന്നു.ആരോഗ്യ സര്‍വകലാശാലയുടെ അന്വേഷണ സമിതി പരിശോധനനടത്തിയതിനു പിന്നാലെയാണ് നടപടിയെടുത്തത്.
നവംബര്‍ പതിനഞ്ചിനാണ് അമ്മു സജീവന്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. അന്നേദിവസം സഹപാഠികളും അധ്യാപകനും ചേര്‍ന്ന് അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു എന്നാണ് കുടുംബം ആരോപിക്കുന്നത്. ആത്മഹത്യാപ്രേരണ കേസില്‍ അറസ്റ്റിലായ അമ്മുവിന്റെ മൂന്ന് സഹപാഠികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.