rape
നഴ്സിംഗ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം; രണ്ട് പേർ പിടിയിൽ
ഒളിയിടത്തിൽ നിന്നാണ് രണ്ട് പേരെ പോലീസ് പിടികൂടിയത്.

കോഴിക്കോട് | നഗരത്തിൽ നഴ്‌സിംഗ് വിദ്യാർഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. എറണാകുളം സ്വദേശിനിയായ 24കാരിയാണ് പീഡനത്തിനിരയായത്. എറണാകുളം സ്വദേശിയായ സുഹൃത്തും ഇയാളുടെ കോഴിക്കോട് സ്വദേശിയായ മറ്റൊരു സുഹൃത്തും ചേർന്ന് പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിൽ നൽകിയ പരാതി. ഈ മാസം 18ന് രാത്രി ഗോവിന്ദപുരത്താണ് സംഭവം.
ഒളിയിടത്തിൽ നിന്നാണ് രണ്ട് പേരെ പോലീസ് പിടികൂടിയത്. സംഭവത്തിൽ പെൺകുട്ടി പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഇവർ ഒളിവിൽ പോയത്. മൊബൈൽ ലൊക്കേഷൻ പിന്തുടർന്നാണ് പോലീസ് പ്രതികളിലേക്കെത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷമാകും പോലീസ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കുക. ഇതിൽ ഒരാൾ കോഴിക്കോടും രണ്ടാമത്തെയാൾ എറണാകുളത്തുമാണ് പഠിക്കുന്നത്. ഹൈസ്കൂൾ കാലത്ത് സഹപാഠികളായിരുന്നു മൂവരും.
പെൺകുട്ടിയെ റൂമിലേക്ക് വിളിച്ചു വരുത്തുകയും ബലമായി മദ്യം നൽകിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു. നഴ്സിംഗ് കോളജിലെത്തിയ വിദ്യാർഥിനി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം വെളിപ്പെടുത്തിയത്.