Connect with us

Noorul Ulama

നൂറുല്‍ ഉലമ: അനന്യ പണ്ഡിത പ്രതിഭ

കൃത്യനിഷ്ഠയുടെ ആള്‍രൂപമായിരുന്നു നൂറുല്‍ ഉലമ. സൂക്ഷ്മ ജീവിതത്തിന്റെ ഉത്തമ മാതൃകയും.

Published

|

Last Updated

കാരത്തില്‍ ചെറുതും ആശയത്തില്‍ വലുതും. അതാണ് നൂറുല്‍ ഉലമ എന്നെഴുതാനാണ് എനിക്ക് ഏറെ ഇഷ്ടം. അടിസ്ഥാനത്തില്‍ നിന്ന് അണുഅളവ് വ്യതിചലിക്കാതെ കാലോചിത പഠനരീതികള്‍ കൈരളിക്ക് സമര്‍പ്പിച്ച അനന്യ പണ്ഡിതനാണ് മഹാനവര്‍കള്‍.

കാസര്‍കോട് ജില്ലയിലെ ഉടുമ്പുന്തലയില്‍ 1924 ജൂലൈ ഒന്നിന് കുറിയ അബ്ദുല്ല ഹാജിയുടെയും നാല്പുരപ്പാട് മറിയം എന്നവരുടെയും മകനായി ജനനം. സ്വപ്രയത്‌നം കൊണ്ട് മുക്രിക്കാന്റവിടെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ നൂറുല്‍ ഉലമയായത് അര്‍ഹിക്കുന്ന അംഗീകാരത്തിന്റെ ഭാഗമായാണ്. സമുദായം അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം മതവിജ്ഞാനത്തിന്റെ ശാസ്ത്രീയ വികസനവും വ്യാപനവുമാണെന്ന് നൂറുല്‍ ഉലമ തിരിച്ചറിഞ്ഞു. അനിവാര്യമായ വ്യത്യസ്ത വഴികളിലൂടെയുള്ള മഹാനവര്‍കളുടെ യാനങ്ങള്‍ പ്രസ്ഥാനം ഒരിക്കലും വിസ്മരിക്കില്ല. മര്‍ഹൂം ഏഴിമല തങ്ങളുടെ നിര്‍ബന്ധത്തിന് വിധേയപ്പെട്ടാണ് തന്റെ അധ്യാപന സപര്യക്ക് മെട്ടമ്മല്‍ നിന്ന് തുടക്കമായത്. തങ്ങളവര്‍കളുടെ മകന്‍ മുഹമ്മദ് കോയ തങ്ങളെ അവിടുത്തെ പ്രഥമ മുതഅല്ലിമായി നല്‍കിക്കൊണ്ടായിരുന്നു മെട്ടമ്മല്‍ തങ്ങളവര്‍കള്‍ ദര്‍സ് തുടങ്ങിക്കൊടുത്തത്. അവിടെ നൂറുല്‍ ഉലമ മയ്യിത്ത് പരിപാലന സംഘം രൂപവത്കരിച്ചുകൊണ്ട് സമുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആ പരീക്ഷണം വലിയ വിജയവും അംഗീകാരവും നേടിക്കൊടുത്തു.

1925ല്‍ നവോത്ഥാന മുന്നേറ്റങ്ങളുടെ പ്രഘോഷണവുമായി സമസ്ത പിറന്നു. സമസ്തയുടെ വാര്‍ഷികം വടകരയില്‍ നടക്കുന്നു. അന്ന് 27 വയസ്സിലെത്തി നില്‍ക്കുന്ന ഒരു ചെറുപ്പക്കാരന്‍ പണ്ഡിത നേതൃത്വത്തിന് മുമ്പില്‍ ഒരു അഭ്യര്‍ഥന വെക്കുന്നു. ആ അഭ്യര്‍ഥനയാണ് 1951ല്‍ രൂപം കൊണ്ട സമസ്തയുടെ വിദ്യാഭ്യാസ ബോര്‍ഡ്. ഇന്ന് ഒന്ന് മുതല്‍ പ്ലസ്ടു വരെയുള്ള ആയിരക്കണക്കിന് മദ്‌റസകളും പതിനായിരക്കണക്കിന് അധ്യാപകരും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുമായി പരിലസിക്കുന്ന മദ്‌റസാ പ്രസ്ഥാനത്തിന്റെ സ്ഥാപകനാകാന്‍ നൂറുല്‍ ഉലമക്ക് ഭാഗ്യമുണ്ടായി. ബോര്‍ഡിംഗ് മദ്‌റസകളും ജംഇയ്യത്തുല്‍ മുഅല്ലിമീനും സമന്വയ വിദ്യാഭ്യാസ കേന്ദ്രങ്ങളും മുഅല്ലിം ക്ഷേമനിധിയും മുതഅല്ലിം സ്‌കോളര്‍ഷിപ്പും നൂറുല്‍ ഉലമ ആവിഷ്‌കരിച്ച സ്തുത്യര്‍ഹമായ പദ്ധതികളാണ്.

1946 മുതല്‍ സമസ്തയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു തുടങ്ങി. അദ്ദേഹം മുന്‍കൈയെടുത്ത ആശയരൂപവത്കരണത്തിന്റെ പ്രായോഗിക രൂപമാണ് മുസ്‌ലിം യുവതക്ക് വഴികാട്ടിയായ സമസ്ത കേരള സുന്നി യുവജന സംഘം. പ്രഭാഷണങ്ങളിലും രചനകളിലും ശ്രദ്ധേയമായ കാല്‍വെപ്പുകള്‍ നൂറുല്‍ ഉലമ നടത്തി. രചനകളെ സംയുക്തമായി മൂന്ന് വാള്യങ്ങളിലായി എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ സംയുക്ത കൃതികള്‍ എന്ന പേരില്‍ റീഡ് പ്രസ്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നൂറുല്‍ ഉലമയുടെ സംഘടനാ മികവ് പ്രകടമാകുന്ന സ്ഥാപനമാണ് ജാമിഅ സഅദിയ്യ. പേര് സൂചിപ്പിക്കുന്നത് പോലെ ഭാഗ്യ വൈജ്ഞാനിക വിശ്വവിദ്യാലയമായ സഅദിയ്യ മര്‍ഹൂം താജുല്‍ ഉലമ തങ്ങളവര്‍കളും നൂറുല്‍ ഉലമയും ചേര്‍ന്ന് സ്ഥാപിച്ചതാണ്. സഅദിയ്യയുടെ അങ്കണത്തില്‍ തന്നെ മഹാനവര്‍കളുടെ അന്ത്യ വിശ്രമവും. അവിടെ തന്നെയാണ് ഉറൂസും.

ആദര്‍ശ വ്യതിയാനവും രാഷ്ട്രീയ ദാസ്യവും പ്രാസ്ഥാനിക രംഗത്ത് ചില ചോദ്യങ്ങളുയര്‍ത്തിയ സന്ദര്‍ഭം ആ പോരാളി ധീരമായ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ താജുല്‍ ഉലമക്കും സുല്‍ത്വാനുല്‍ ഉലമക്കും ഒപ്പം നിന്നു. കേരള മണ്ണില്‍ ആദര്‍ശ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു. കടുത്ത എതിര്‍പ്പുകള്‍ക്കും കൊലവിളികള്‍ക്കും കൊലകള്‍ക്കും മുന്നില്‍ പതറാതെ ഉറച്ചുനിന്നു. അഖിലേന്ത്യാ തലത്തിലേക്ക് കേരള മാതൃക വ്യാപനം നടത്താന്‍ വിദ്യാഭ്യാസ ബോര്‍ഡിനും ജംഇയ്യത്തുല്‍ ഉലമക്കും ദേശീയ കമ്മിറ്റികള്‍ രൂപവത്കരിച്ച് നേതൃ സന്നാഹമൊരുക്കുന്നതില്‍ മുന്നണിപ്പോരാളികളില്‍ നിലയുറപ്പിച്ചു. അഹ്്ലുസ്സുന്നയുടെ ഓരോ പ്രവര്‍ത്തകനും അനുകരിക്കുകയും അനുസ്മരിക്കുകയും ചെയ്യുന്ന നാമമത്രെ നൂറുല്‍ ഉലമ എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍. കല്ലട്ര അബ്ദുല്‍ഖാദിര്‍ ഹാജിയുടെ സഹായത്തോടെ സ്ഥാപിതമായ സഅദിയ്യ ഇന്ന് പുകള്‍പെറ്റ വിശ്വവിദ്യാലയമാണ്. അല്‍മുജമ്മഉല്‍ ഇസ്‌ലാമി തൃക്കരിപ്പൂര്‍ നൂറുല്‍ ഉലമ പടുത്തുയര്‍ത്തിയ മറ്റൊരു സ്ഥാപനമാണ്. ആത്മീയമായ മശാഇഖുമാരില്‍ നിന്ന് നിരവധി ഇജാസത്തുകള്‍ അവിടുന്ന് കരസ്ഥമാക്കിയിട്ടുണ്ട്. അത് സംബന്ധമായി സാധാരണക്കാര്‍ക്ക് നിത്യജീവിതത്തില്‍ അവലംബിക്കാവുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും സമാഹരണവും അവിടുന്ന് നടത്തിയിട്ടുണ്ട്. അറബി ഭാഷയിലും രചനകള്‍ ഉണ്ട്.

കൃത്യനിഷ്ഠയുടെ ആള്‍രൂപമായിരുന്നു നൂറുല്‍ ഉലമ. സൂക്ഷ്മ ജീവിതത്തിന്റെ ഉത്തമ മാതൃകയും. ടൈം മാനേജ്‌മെന്റില്‍ വിജയിച്ച ജീവിതമായിരുന്നു അവിടുത്തേത്. 1946 മുതല്‍ താന്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു തുടങ്ങിയ സമസ്തയുടെ സംസ്ഥാന സാരഥ്യത്തില്‍ ഇരിക്കവെയാണ് വിയോഗം പ്രാപിച്ചത്. ജ്ഞാനാന്വേഷണത്തിലും കണ്ടെത്തലിലും പകര്‍ന്നുനല്‍കുന്നതിലും ലിഖിത രൂപങ്ങളില്‍ ക്രമപ്പെടുത്തുന്നതിലും സംഘാടനത്തിലും സാരഥ്യത്തിലും സമര്‍പ്പിതമായ നൂറുല്‍ ഉലമയുടെ ജീവിതപുസ്തകം എല്ലാവര്‍ക്കും അനുകരണീയമാണ്.

Latest