Articles
നൂറുല്‍ ഉലമ അതുല്യ മാതൃക
ഹഖും ബാത്വിലും വേര്‍തിരിക്കുന്നതില്‍ (വ്യക്തിജീവിതത്തിലും സാമ്പത്തിക ക്രയവിക്രയങ്ങളിലും) പുലര്‍ത്തിയ കാര്‍ക്കശ്യം, ആ മഹത് ജീവിതത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നതാണ്.
ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ സുന്നി യുവജന സംഘത്തിന്റെ മുഖപത്രമായിരുന്ന ‘സുന്നി ടൈംസു’മായി നിത്യബന്ധം പുലര്‍ത്താന്‍ സാധിച്ചിരുന്നു. അന്നത്തെ ലേഖകന്മാരാകട്ടെ മഹാരഥന്മാരായ പണ്ഡിതന്മാര്‍. ആഴവും പരപ്പുമുള്ള ലേഖനങ്ങള്‍. ബഹുമാനപ്പെട്ട എം എ ഉസ്താദിന്റെ സൃഷ്ടികള്‍ ഓരോ ലക്കത്തിലുമുണ്ടാകും. അതുകൊണ്ട് തന്നെ എം എ എന്ന രണ്ടക്ഷരം ഹൃദയത്തില്‍ ചെറുപ്പത്തിലേ സ്ഥലം പിടിക്കുകയുണ്ടായി.
എന്റെ വന്ദ്യ സുഹൃത്ത് പാപ്പിനിശ്ശേരിയിലെ സയ്യിദ് ഹാമിദ് കോയമ്മ തങ്ങളോടൊപ്പം തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്ലാം അറബിക് കോളജില്‍ ചേര്‍ന്നപ്പോഴാണ് എം എ ഉസ്താദിനെ വളരെ അടുത്ത് നിന്ന് നോക്കിപ്പഠിക്കാന്‍ കഴിയുന്നത്. ആത്മീയവും ഭൗതിക മേഖലകളില്‍ എന്റെ വഴികാട്ടി മഹാനവര്‍കളാണ്. അവിടുത്തെ ശിഷ്യത്വം എന്നെ പുത്തന്‍വാദികളുടെ കടുത്ത വിരോധിയാക്കി. തബ്ലീഗ് ജമാഅത്തിന്റെ ശക്തി കേന്ദ്രമായിരുന്ന തളിപ്പറമ്പില്‍ എം എ ഉസ്താദിന്റെ നേതൃത്വത്തിലുള്ള സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവരുടെ അടിത്തറയിളക്കി.
താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ (ഉള്ളാള്‍) പ്രസിഡന്റും എം എ ഉസ്താദ് ജനറല്‍ സെക്രട്ടറിയുമായ അഭിവക്ത കണ്ണൂര്‍ ജില്ലാ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങള്‍ വടക്കന്‍ മലബാറിന്റെ ദീനീ രംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് കാണുന്ന ദീനി സ്ഥാപനങ്ങളും മറ്റും അതിന്റെ ഫലങ്ങളാണ്. പടര്‍ന്നു പന്തലിച്ചു കഴിഞ്ഞ സമസ്തയുടെ കീഴ്ഘടകങ്ങളില്‍ മിക്കതിന്റെയും ജന്മത്തിനും വളര്‍ച്ചക്കും എം എ ഉസ്താദ് ഒരു നിമിത്തമാണ്.
1973 ഏപ്രില്‍ ഏഴ്, എട്ട് തീയതികളില്‍ കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച സമസ്ത ജില്ലാ സമ്മേളനത്തില്‍ ആദ്യ ദിവസത്തെ പ്രഥമ കണ്‍വെന്‍ഷന്‍ സുന്നി വിദ്യാര്‍ഥികളുടേതായിരുന്നു. ഈ കണ്‍വെന്‍ഷനില്‍ വെച്ചാണ് അവിഭക്ത കണ്ണൂര്‍ ജില്ലാ എസ് എസ് എഫ് അഡ്ഹോക് കമ്മിറ്റി രൂപം കൊണ്ടത്. സംസ്ഥാനതലത്തില്‍ നൂറുല്‍ ഉലമ സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ ജാമിഅ നൂരിയ്യയില്‍ വിളിച്ചു കൂട്ടിയ കണ്‍വെന്‍ഷന് മൂന്നാഴ്ച മുമ്പായിരുന്നു ഇത്.
പുത്തന്‍വാദികളുടെ യോഗ സ്ഥലങ്ങളില്‍ അവരുടെ പ്രസംഗങ്ങള്‍ കുറിച്ചെടുക്കാന്‍ എം എ ഉസ്താദ് പലപ്പോഴും എന്നെ അയച്ചിരുന്നു. കൃത്യനിഷ്ഠ, സമയനിഷ്ഠ ഇത് രണ്ടിലും തുല്യതയില്ലാത്ത മാതൃകയുള്ള ഉസ്താദ് ഞങ്ങള്‍ക്ക് ഒരു അത്ഭുതമായിരുന്നു. ദിവസത്തിലെ ഓരോ മിനുട്ടിനും കൃത്യമായ പരിപാടിയുണ്ടായിരുന്നു ഉസ്താദിന്. ദര്‍സിന് ഭംഗം വരാതെ പൊതുപരിപാടികളില്‍ പങ്കെടുത്തു. സമസ്തയുടെ വിവിധ യോഗങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കും സ്റ്റേറ്റ് ബസിലും ട്രെയിനിലുമൊക്കെ കൃത്യമായി എത്തുന്ന ഉസ്താദ് ഒന്നിനും സമയം പാഴാക്കിയിരുന്നില്ല. രാത്രി മൂന്ന് മണിക്കും മൂന്നരക്കും പരിപാടി കഴിഞ്ഞെത്തുന്ന ഉസ്താദ് അല്‍പ്പമൊന്ന് മയങ്ങും, പിന്നെ തഹജ്ജുദിന് എഴുന്നേല്‍ക്കും. സുബ്ഹിക്ക് എഴുന്നേല്‍ക്കാന്‍ ബാക്കിയുള്ള മുതഅല്ലിമുകളെ തട്ടിയുണര്‍ത്തും.
ഹഖും ബാത്വിലും വേര്‍തിരിക്കുന്നതില്‍ (വ്യക്തിജീവിതത്തിലും സാമ്പത്തിക ക്രയവിക്രയങ്ങളിലും) പുലര്‍ത്തിയ കാര്‍ക്കശ്യം, ആ മഹത് ജീവിതത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നതാണ്.